കര്‍ദ്ദിനാളിനെതിരായ വ്യാജരേഖ കേസ്; ആദിത്യന്റെ ജാമ്യാപേക്ഷയില്‍ ഇന്നും വാദം തുടരും

maralancheri

കൊച്ചി: കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ഉണ്ടാക്കിയ കേസില്‍ പിടിയിലായ ആദിത്യന്റെ ജാമ്യാപേക്ഷയില്‍ ഇന്നും വാദം തുടരും. അറസ്റ്റിലായ തന്നെ പോലീസ് മര്‍ദ്ദിച്ചതായി കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ആദിത്യന്‍ ആരോപിക്കുന്നുണ്ട്.

കാല്‍ വെളളയില്‍ പൊലീസ് മര്‍ദിച്ചെന്നും, കാലിലെ നഖം പിഴുതെടുക്കാന്‍ ശ്രമിച്ചെന്നും ആദിത്യന്‍ പറഞ്ഞു. ഫാദര്‍ ടോണി കല്ലൂക്കാരന്റെ പേര് പറയാന്‍ അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നും സമ്മര്‍ദമുണ്ടെന്നും ആദിത്യന്‍ കോടതിയില്‍ അറിയിച്ചിരുന്നു. പോലീസ് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ആദിത്യന്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.

കര്‍ദിനാളിനു കൊച്ചിയിലെ പ്രമുഖ വ്യവസായ സ്ഥാപനത്തില്‍ അനധികൃത നിക്ഷേപമുണ്ടെന്നു വരുത്തി തീര്‍ക്കാനാണു ബാങ്ക് അക്കൗണ്ട് രേഖ വ്യാജമായി ഉണ്ടാക്കിയെതെന്നു ആദിത്യന്‍ പോലീസിനോട് സമ്മതിച്ചിരുന്നു. ടോണി കല്ലൂക്കാരന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് വ്യാജരേഖ ഉണ്ടാക്കിയതെന്ന് ആദിത്യന്‍ നല്‍കിയ മൊഴിയുടെ പശ്ചാത്തലത്തിലാണ് ടോണി കല്ലൂക്കാരനെ പ്രതി ചേര്‍ത്തത്.

അതേസമയം കേസില്‍ പ്രതിചേര്‍ത്ത ഫാദര്‍ ടോണി കല്ലൂക്കാരന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കേസില്‍ നാലാം പ്രതിയായിട്ടാണ് പോലീസ് ടോണി കല്ലൂക്കാരനെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്.

കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ ഉള്ള അനധികൃത സ്വത്ത് സംബന്ധിച്ച കേസന്വേഷണം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി സ്റ്റേ ചെയ്തിരുന്നു.

Top