രാഹുലിന്റെ ഭാരത് ജോഡോ യാത്രയിൽ ആദിത്യ താക്കറെയും

മുംബൈ: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെ. എൻ.സി.പിക്ക് പിന്നാലെയാണ് ശിവസേനാ ഉദ്ധവ് താക്കറെ വിഭാഗവും യാത്രയുടെ ഭാഗമാകുന്നത്. ഇതോടെ മഹാരാഷ്ട്രയിലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ മഹാ വികാസ് അഘാഡി സഖ്യത്തിന് നേട്ടമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.

ഭാരത് ജോഡോ യാത്രയുടെ 65-ാം ദിനത്തിലാണ് ശിവസേനയിലെ ഉദ്ധവ് താക്കറെ വിഭാഗം യാത്രയുടെ ഭാഗമാകുന്നത്. ഹിംഗോളിയിൽ രാഹുൽ ഗാന്ധിയുടെ പദയാത്രയിൽ പ്രവർത്തകർക്കൊപ്പമാണ് ആദിത്യ താക്കറെ പങ്കെടുത്തത്. മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡി സഖ്യത്തിന്റെ തകർച്ചയ്ക്ക് ശേഷം ഇതാദ്യമായാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ നീക്കത്തിൽ ശിവസേന ഉദ്ധവ് വിഭാഗം പങ്കെടുക്കുന്നത്. മുംബൈ കോർപ്പറേഷനിലേക്ക് ഉൾപ്പെടെ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിൽ വീണ്ടും മുന്നണിയായി മത്സരിക്കാനാണ് കോൺഗ്രസും എൻ.സി.പിയും ഉദ്ധവ് ബാലാസാഹിബ് താക്കറെ ശിവസേനയും ഒരുങ്ങുന്നത്. ഈ സന്ദേശം നൽകിക്കൊണ്ട് വ്യാഴാഴ്ച എൻസിപി നേതാക്കളായ സുപ്രിയ സുലെയും ജിതേന്ദ്ര അവ്ഹാദും ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തിരുന്നു.

മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കും ഭാരത് ജോഡോ യാത്രയിലേക്ക് ക്ഷണമുണ്ട്. എൻ.സി.പി നേതാവ് ശരദ് പവാർ നേരത്തെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് ആരോഗ്യസ്ഥിതി കണക്കിലെടുത്ത് പിന്മാറുകയായിരുന്നു. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി മത്സരിക്കാൻ കോൺഗ്രസും എൻ.സി.പിയും തീരുമാനിച്ചിട്ടുണ്ട്. ദേശീയതലത്തിൽ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ പ്രതിപക്ഷ ഐക്യ ചേരി ശക്തിപ്പെടുത്തും എന്ന സന്ദേശം കൂടിയാണ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര നൽകുന്നത്.

Top