ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ-എല്‍1 ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ പകുതിയിലധികം ദൂരം പിന്നിട്ടതായി ഐ എസ് ആര്‍ ഒ. 9.2 ലക്ഷം കിലോമീറ്റര്‍ ദൂരം പിന്നിട്ട പേടകം ലക്ഷ്യ സ്ഥാനമായ ലഗ്രാഞ്ച് പോയിന്റ് വണ്ണിലേക്കുള്ള സഞ്ചാരം തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ഇസ്രോ സമൂഹമാധ്യമമായ എക്‌സിലൂടെ അറിയിച്ചു.
ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വബലം സമാനമായി അനുഭവപ്പെടുന്ന അഞ്ചു മേഖലകളില്‍ ഒന്നാണ് ആദിത്യ-എല്‍1 ലക്ഷ്യമിടുന്ന ലഗ്രാഞ്ച് – 1. ഭൂമിയില്‍നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയാണ് ഈ പോയിന്റ്.ലഗ്രാഞ്ച് – 1ല്‍നിന്ന് ഭൂമിയുടെയോ മറ്റു ഗ്രഹങ്ങളുടെയോ നിഴല്‍ പതിക്കാതെ സൂര്യനെ നന്നായി വീക്ഷിക്കാന്‍ പേടകത്തിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഇറ്റലിക്കാരനായ ഗണിത ശാസ്ത്രജ്ഞന്‍ ജോസഫ് ലൂയി ലഗ്രാഞ്ചിന്റെ സ്മരണാര്‍ത്ഥമാണ് ഈ പോയിന്റിന് ലഗ്രാഞ്ച് – 1 പേര് നല്‍കിയിരിക്കുന്നത്.
ആദിത്യ എല്‍-1 ശാസ്ത്രീയ വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയതായി സെപ്റ്റംബര്‍ 18ന് ഐഎസ്ആര്‍ഒ വ്യക്തമാക്കിയിരുന്നു. ആദിത്യയിലെ സുപ്ര തെര്‍മല്‍ ആന്‍ഡ് എനെര്‍ജെറ്റിക് പാര്‍ട്ടിക്കിള്‍ സ്‌പെക്ട്രോമീറ്റര്‍ (സ്റ്റെപ്‌സ്) എന്ന ഉപകരണമാണ് ഭൂമിയില്‍നിന്ന് 50,000 കിലോമീറ്റര്‍ അകലെയുള്ള സുപ്ര- തെര്‍മല്‍, എനര്‍ജെറ്റിക് അയോണ്‍, ഇലക്ട്രോണുകളെ അളക്കാന്‍ ആരംഭിച്ചത്.ഭൂമിയുടെ ചുറ്റുമുള്ള കണങ്ങളുടെ, പ്രത്യേകിച്ച് ഭൂമിയുടെ കാന്തികമണ്ഡലത്തിലുള്ളവയുടെ സ്വഭാവം മനസിലാക്കാന്‍ ഈ വിവരങ്ങള്‍ സഹായകമാകുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. സ്റ്റെപ്‌സിലെ സെന്‍സറുകളാണ് വിവരങ്ങള്‍ ശേഖരിക്കുന്നതെന്ന് ഐഎസ്ആര്‍ഒ എക്സില്‍ അറിയിച്ചു. ഭൂമിക്ക് ചുറ്റുമുള്ള കണികകളുടെ ഊര്‍ജത്തിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ വ്യക്തമാക്കുന്ന ചിത്രവും ഇസ്രോ അന്ന് പുറത്തുവിട്ടിരുന്നു.