ആദിത്യ എല്‍1 ആദ്യ ഭ്രമണപഥമുയര്‍ത്തല്‍ വിജയകരം, അടുത്തത് സെപ്റ്റംബര്‍ അഞ്ചിന്; ഐഎസ്ആര്‍ഒ

ബെംഗളൂരു: ആദിത്യ എല്‍ വണ്ണിന്റെ ആദ്യ ഭ്രമണപഥമുയര്‍ത്തല്‍ വിജയകരമെന്ന് ഐഎസ്ആര്‍ഒ. ഭൂമിയില്‍ നിന്നും 245 കിമി മുതല്‍ 22459 കിമീ വരെയുള്ള ഭ്രമണപഥത്തിലെത്തിച്ചു. ഉപഗ്രഹത്തിന്റെ യാത്രയും പ്രവര്‍ത്തനങ്ങളും സാധാരണനിലയിലാണെന്നും ഐഎസ്ആര്‍ഒ അധികൃതര്‍ വ്യക്തമാക്കി. 16 ദിവസം ആദിത്യ എല്‍ വണ്‍ ഭൂമിയുടെ ഭ്രമണപഥത്തില്‍ തുടരും. അടുത്ത ഭ്രമണപഥം ഉയര്‍ത്തല്‍ സെപ്റ്റംബര്‍ അഞ്ചിന് പുലര്‍ച്ചെ മൂന്ന് മണിയ്ക്കാണ്.

ഭൂമിയില്‍ നിന്ന് സൂര്യനിലേക്കുള്ള ദൂരം 15 കോടി കിലോമീറ്റര്‍ ആണെങ്കിലും പിഎസ്എല്‍വി വിക്ഷേപണ വാഹനത്തില്‍ ആദിത്യ എല്‍ വണ്ണിന്റെ യാത്ര ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ്. ലഗ്രാഞ്ച്-എല്‍ വണ്ണിന് ചുറ്റുുമുള്ള ഹാലോ ഓര്‍ബിറ്റില്‍ എത്തിക്കുകയാണ് ലക്ഷ്യം. സൂര്യന്റെയും ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലം ഏകദേശം തുല്യമായി അനുഭവപ്പെടുന്ന ഇടമാണ് ഒന്നാം ലഗ്രാഞ്ച് പോയിന്റ്.

ഭൂഭ്രമണപാതയിലെ സഞ്ചാരം വികസിച്ച് നാലുതവണ ഭൂമിയെ വലം ചെയ്യും. അഞ്ചാം തവണ ഭൂഗുരുത്വാകര്‍ഷണ വലയം വിട്ട് സൂര്യപാതയിലേക്ക് പേടകം നീങ്ങും. 125 ദിവസം നീളുന്ന ഘട്ടം ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെ ലഗ്രാഞ്ച് വണ്‍ പോയിന്റില്‍ പേടകത്തെ എത്തിക്കും. സൂര്യന്റെ പുറംഭാഗത്തെ താപവ്യതിയാനം, ബഹിരാകാശ കാലാവസ്ഥ, സൗരവാതത്തിന്റെ ഫലങ്ങള്‍, സൂര്യന്റെ തീവ്ര താപ, കാന്തിക സ്വഭാവങ്ങള്‍, സൂര്യന്റെ ഉപരിതലഘടന തുടങ്ങിയ നിര്‍ണായക പഠനങ്ങളാണ് ദൗത്യത്തിന്റെ ലക്ഷ്യം. അഞ്ചുവര്‍ഷവും രണ്ടുമാസവുമാണ് ആദിത്യ എല്‍ വണ്‍ ദൗത്യത്തിന്റെ ലക്ഷ്യം.

സൂര്യനെ നിരീക്ഷിക്കാന്‍ തദ്ദേശീയമായി നിര്‍മിച്ച ഏഴ് പേലോഡുകളാണ് ആദിത്യയിലുള്ളത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സിസിന്റെ വിസിബിള്‍ എമിഷന്‍ ലൈന്‍ കൊറോണോഗ്രാഫ്, ഐയൂക്കയുടെ സോളാര്‍ അള്‍ട്രാ വയലറ്റ് ഇമേജിംഗ് ടെലിസ്‌കോപ്പ്, തിരുവനന്തപുരം സ്‌പേസ് ഫിസികിസ് ലബോറട്ടറിയുടെ പ്ലാസ്മ അനലൈസര്‍ പാക്കേജ് ഫോര്‍ ആദിത്യ എന്നിവ അതില്‍ ചിലതാണ്.

Top