aditi namboothiri murder case

court

കോഴിക്കോട്: അദിതി നമ്പൂതിരി കൊലക്കേസ് രക്ഷിതാക്കള്‍ കുറ്റക്കാരെന്ന് കോടതി. ക്രൂരമര്‍ദ്ദനമേറ്റ് ആറ് വയസുകാരി മരിച്ച സംഭവത്തില്‍ കുട്ടിയുടെ അച്ഛനും രണ്ടാനമ്മയ്ക്കും മൂന്നുവര്‍ഷം വീതം കഠിനതടവ്.

അദിതിയുടെ പിതാവ് സുബ്രഹ്മണ്യന്‍, ഭാര്യ ദേവിക അന്തര്‍ജനം (റംല ബീഗം) എന്നിവര്‍ക്കാണ് അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷവിധിച്ചത്.

പിതാവ് സുബ്രഹ്മണ്യന്‍ ഒരുലക്ഷം രൂപ പിഴയടയ്ക്കണമെന്നും കോടതി വിധി. പിഴയടച്ചില്ലെങ്കില്‍ ആറുമാസംകൂടി തടവ് അനുഭവിക്കേണ്ടിവരും. പ്രതികള്‍ക്കെതിരെ കൊലക്കുറ്റം കോടതിയില്‍ തെളിയിക്കാനായില്ല. അദിതിയുടെ സഹോദരന്‍ അരുണിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ ശ്രമിച്ചുവെന്ന ആരോപണവും തെളിയിക്കാന്‍ കഴിഞ്ഞില്ല.

2013 ഏപ്രില്‍ 30 നാണ് ബിലാത്തിക്കൂളം ബി.ഇ.എം യു.പി.സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി അദിതി അപസ്മാര ബാധയെത്തുടര്‍ന്ന് ആസ്പത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചത്.

പ്രാഥമിക പരിശോധനയില്‍ കുട്ടി ക്രൂരമര്‍ദ്ദനത്തിന് ഇരയായിട്ടുണ്ടെന്ന് മനസിലാക്കിയ ഡോക്ടറാണ് വിവരം പോലീസിനെ അറിയിച്ചത്. അതോടെ കുട്ടിയുടെ മൃതദേഹം ആസ്പത്രിയില്‍നിന്ന് കൊണ്ടുപോകാന്‍ പ്രതികള്‍ ശ്രമിച്ചുവെങ്കിലും ആസ്പത്രി അധികൃതര്‍ ഇടപെട്ട് മൃതദേഹം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു.

ഇതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. കേസിന്റെ വിചാരണയ്ക്കിടെ പ്രതികള്‍ ജാമ്യത്തിലിറങ്ങി മുങ്ങിയിരുന്നു. എന്നാല്‍ പിന്നീട് പിടിയിലായി. അദിതിയുടെ സഹോദരന്‍ അരുണ്‍ ആയിരുന്നു കേസിലെ ഒന്നാം സാക്ഷി. ബന്ധുക്കളും അയല്‍ക്കാരുമടക്കം 45 ഓളം സാക്ഷികള്‍ കേസിലുണ്ടായിരുന്നു.

Top