യോഗിയെ അപകീര്‍ത്തിപ്പെടുത്തിയ കേസ്; പത്രപ്രവര്‍ത്തകനെ ഉടന്‍ വിട്ടയക്കണമെന്ന് കോടതി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തി എന്ന കേസില്‍ അറസ്റ്റു ചെയ്യപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയെ ഉടന്‍ മോചിപ്പിക്കണമെന്ന് സുപ്രീംകോടതി. കനോജിയയുടെ അറസ്റ്റ് നിയമ വിരുദ്ധമാണെന്നും അദ്ദേഹത്തെ ഉടന്‍ മോചിപ്പിക്കണമെന്നും കാട്ടി ഭാര്യ ജഗീഷ് അറോറ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്.

ഇത് കൊലപാതക കേസല്ലെന്നും മാധ്യമപ്രവര്‍ത്തകനെ ഉടന്‍ വിട്ടയക്കണമെന്നും കോടതി ഉത്തരവിട്ടു. വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്നതാണ് പൊലീസ് നടപടി. ട്വീറ്റില്‍ പ്രശ്‌നങ്ങളുണ്ടാകാമെന്നും അറസ്റ്റ് എന്ത് അടിസ്ഥാനത്തിലാണെന്നും കോടതി ചോദിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത പ്രചരിപ്പിച്ചു എന്നു ചൂണ്ടിക്കാട്ടി ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ പരാതിയിന്മേലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് നടത്തിയത്.

അതേസമയം, യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തക്കു നേരെയുള്ള വേട്ടയാടല്‍ തുടരുകയാണ്. സ്വകാര്യ ചാനലിന്റെ ഉടമയെയും എഡിറ്ററെയും തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Top