റിലീസിനൊരുങ്ങി അറബിക്കടലില്‍ ചിത്രീകരിച്ച ‘അടിത്തട്ട്’

അറബിക്കടലില്‍ ചിത്രീകരിച്ച ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് അടിത്തട്ട്. കൊന്തയും പൂണൂലും,ഡാര്‍വിന്റെ പരിണാമം, പോക്കിരി സൈമണ്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിജോ ആന്റണി സംവിധാനം ചെയ്ത ചിത്രമാണിത്. മിഡില്‍ മാര്‍ച്ച് സ്റ്റുഡിയോസിന്റെ ബാനറില്‍ കാനായില്‍ ഫിലിംസും ചേര്‍ന്നാണ് അടിത്തട്ട് എന്ന സിനിമ നിര്‍മ്മിക്കുന്നത്. സൂസന്‍ ജോസഫ്, സിന്‍ട്രീസ എന്നിവരാണ് നിര്‍മ്മാതാക്കള്‍. കേരളത്തിലെ ഏറ്റവും വലിയ ഫിഷിങ് ഹാര്‍ബര്‍ ആയ നീണ്ടകരയില്‍ നിന്നും മത്സ്യബന്ധനത്തിനായി പോകുന്ന ഇന്ത്യ എന്ന ബോട്ടും, അതിലെ ഏഴ് ജീവനക്കാരുമാണ് പ്രധാന കഥാപാത്രങ്ങള്‍.

ഏതു പ്രതികൂല സാഹചര്യത്തെയും അതിജീവിക്കാന്‍ ശീലിച്ച മത്സ്യബന്ധന തൊഴിലാളികളുടെ ചങ്കൂറ്റവും അതിജീവനവും ആണ് അടിത്തട്ടിലെ പ്രമേയം. സണ്ണിവെയിന്‍, ഷൈന്‍ ടോംചാക്കോ, പ്രശാന്ത് അലക്‌സാണ്ടര്‍, മുരുകന്‍ മാര്‍ട്ടിന്‍,

ജോസഫ് യേശുദാസ്, സാബുമോന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. ആടുകളം എന്ന ദേശീയ അംഗീകാരം ലഭിച്ച തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയനായ ജയപാലന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അത്യാധുനിക ചിത്രീകരണ സംവിധാനങ്ങള്‍ ഉപയോഗിച്ച് വിഷ്വല്‍ എഫക്ട്‌സ് സഹായമില്ലാതെ ഉള്‍ക്കടലില്‍ പൂര്‍ത്തിയാക്കിയ ചിത്രം തികച്ചും പ്രേക്ഷകര്‍ക്ക് വേറിട്ട ഒരു ദൃശ്യാനുഭവമായിരിക്കും എന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.
ഛായാഗ്രഹണം പാപ്പിനു നിര്‍വഹിക്കുന്നു. രചന ഖയസ് മിലന്‍. അണ്ടര്‍ വാട്ടര്‍ റിച്ചാര്‍ഡ് ആന്റണി. എഡിറ്റിംഗ് നൗഫല്‍ അബ്ദുല്ല. ഷറഫു എഴുതിയ ഗാനങ്ങള്‍ക്ക് സംഗീതം നിര്‍വഹിക്കുന്നത് നെസ്സര്‍ അഹമ്മദ്. സൗണ്ട് മിക്‌സിങ് സിനോയ് ജോസഫ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വര്‍. പി. ആര്‍. ഒ എം. കെ ഷെജിന്‍ ആലപ്പുഴ.

Top