ആദിപുരുഷ് ആദ്യദിനം ഇന്ത്യക്കകത്തുനിന്നും പുറത്തുനിന്നും നേടിയത് 136.84 കോടി രൂപ

 

ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷ് ആദ്യദിനം ഇന്ത്യയ്ക്കകത്തുനിന്നും പുറത്തുനിന്നും നേടിയത്.
136.84 കോടി രൂപ. ഇതോടെ ഏറ്റവും ഉയര്‍ന്ന ആദ്യദിന കളക്ഷന്‍ സ്വന്തമാക്കുന്ന നാലാമത്തെ ചിത്രമായും ആദിപുരുഷ് മാറി. സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും തകര്‍പ്പന്‍ കളക്ഷനാണ് ആദിപുരുഷ് സ്വന്തമാക്കിയത്.

ആന്ധ്ര-തെലങ്കാന മേഖലകളില്‍ നിന്ന് 50.93 കോടിയാണ് ആദിപുരുഷ് വാരിക്കൂട്ടിയത്. കര്‍ണാടകയില്‍ നിന്ന് 8.57 കോടിയും കേരളം-തമിഴ് നാട് മേഖലകളില്‍ നിന്ന് 2.35 കോടിയും ഇന്ത്യയുടെ ബാക്കി ഭാഗങ്ങളില്‍ നിന്ന് 48.24 കോടിയും വിദേശത്തുനിന്ന് 26.75 കോടിയും ചിത്രം സ്വന്തമാക്കി. ട്രേഡ് അനലിസ്റ്റുകളാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.

ബാഹുബലി 2, ആര്‍.ആര്‍.ആര്‍, കെ.ജി.എഫ് 2 എന്നിവയാണ് കളക്ഷന്റെ കാര്യത്തില്‍ ആദിപുരുഷിന് മുന്നിലുള്ള ചിത്രങ്ങള്‍. പ്രഭാസ് നായകനായെത്തി ആദ്യദിനം 100 കളക്ഷന്‍ സ്വന്തമാക്കുന്ന മൂന്നാമത്തെ ചിത്രമാണ് ആദിപുരുഷ്. ബാഹുബലി 2, സാഹോ എന്നിവയായിരുന്നു ആ ചിത്രങ്ങള്‍. 2023-ല്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍ ആദ്യദിനം 106 കോടി നേടിയിരുന്നു. 1000 കോടിയോളമാണ് പഠാന്‍ ആകെ സ്വന്തമാക്കിയത്.

ഓം റൗട്ട് തന്നെ തിരക്കഥയൊരുക്കിയ ആദിപുരുഷില്‍ ശ്രീരാമനായാണ് പ്രഭാസ് എത്തുന്നത്. കൃതി സനോണ്‍ സീതയായും സണ്ണി സിംഗ് നിജ്ജര്‍ ലക്ഷ്മണനായും ദേവദത്ത് നാഗേ ഹനുമാനായും വേഷമിടുന്നു. സെയ്ഫ് അലി ഖാനാണ് പ്രതിനായകനായ രാവണനായി എത്തിയത്. അജയ്-അതുലാണ് സംഗീതസംവിധാനം. ചിത്രം രണ്ട് ദിവസത്തിനുള്ളില്‍ 200 കോടി കളക്ഷന്‍ മറികടക്കുമെന്നാണ് റിപ്പോര്‍ട്ട്. 500 കോടിയോളമാണ് ചിത്രത്തിന്റെ മുടക്കുമുതല്‍,

 

Top