വിൻഡീസിനെ ‘കറക്കി വീഴ്ത്തി’ റഷീദ്; രണ്ടാം മാച്ചിൽ ഇംഗ്ലണ്ടിന് ജയം

ദുബായ്: ട്വന്റി-20യില്‍ ലോക ചാമ്പ്യന്‍മാരായ വെസ്റ്റിന്‍ഡീസിനെ ആദില്‍ റഷീദ് ചാരമാക്കി. വെറും 55 റണ്ണിനാണ് വിന്‍ഡീസ് കൂടാരം കയറിയത്. റഷീദ് 2.2 ഓവറില്‍ രണ്ടു റണ്‍മാത്രം വിട്ടുനല്‍കി നാല് വിക്കറ്റ് നേടി. 14.2 ഓവര്‍മാത്രമേ വിന്‍ഡീസ് പിടിച്ചുനിന്നുള്ളൂ. ഇംഗ്ലണ്ട് 8.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ജയം സ്വന്തമാക്കി. ഇതോടെ ഗ്രൂപ്പില്‍ ഇംഗ്ലണ്ടിനും ഓസ്ട്രേലിയക്കും ഓരോ ജയമായി.

ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇയോവിന്‍ മോര്‍ഗന്‍ വെസ്റ്റിന്‍ഡീസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. രണ്ടാം ഓവറില്‍ത്തന്നെ വിന്‍ഡീസ് അപകടം മണത്തു. ആറു റണ്ണെടുത്ത എവിന്‍ ലൂയിസ് ക്രിസ് വോക്സിന്റെ പന്തില്‍ പുറത്തായി. ലെന്‍ഡല്‍ സിമ്മണ്‍സ് (3) മൊയീന്‍ അലിക്കുമുന്നില്‍ പതറി.

13 റണ്ണെടുത്ത ക്രിസ് ഗെയ്ല്‍മാത്രം വിന്‍ഡീസ് നിരയില്‍ രണ്ടക്കം കണ്ടു. കൂറ്റനടിക്കാരന്‍ ആന്ദ്രേ റസല്‍ റണ്ണെടുക്കുംമുമ്പ് മടങ്ങി. ക്യാപ്റ്റന്‍ കീറണ്‍ പൊള്ളാര്‍ഡിന്റെ സംഭാവന ആറു റണ്‍. റസലിനെയും പൊള്ളാര്‍ഡിനെയും റഷീദാണ് മടക്കിയത്. മൊയീന്‍ അലിയും ടൈമള്‍ മില്‍സും രണ്ടുവീതം വിക്കറ്റെടുത്തു.

Top