വീരനായകനായി അജു, ദേവസേനയായി അനശ്വര; ആദ്യരാത്രിയിലെ ഗാനം, വീഡിയോ

ജിബു ജേക്കബ് – ബിജുമോനോല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആദ്യരാത്രിയിലെ ഗാനം പുറത്ത്.
മലയാളത്തിന്റെ സ്വന്തം ബാഹുബലി എന്ന ടാഗോടെയാണ് ഗാനരംഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. അജു വര്‍ഗീസും തണ്ണീര്‍ മത്തന്‍ ദിനങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന അനശ്വര രാജനും ഒന്നിക്കുന്ന പ്രണയ ഗാനം ഇതിനോടകം തന്നെ ഹിറ്റായി കഴിഞ്ഞു.

ഞാനെന്നും കിനാവ് എന്ന് തുടങ്ങുന്ന ഗാനത്തിന് ബിജിബാലാണ് സംഗീതം നല്‍കിയിരിക്കുന്നത്. ആന്‍ ആമി, രഞ്ജിത്ത് ജയരാമന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ
റിലീസ് ചെയ്തിരിക്കുന്നത്.

വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ സിനിമകള്‍ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദ്യരാത്രി. നര്‍മ്മത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കികൊണ്ടുള്ളതാണ് ചിത്രം. വിജയരാഘവന്‍, മനോജ് ഗിന്നസ്, ജയന്‍ ചേര്‍ത്തല, മാലാ പാര്‍വതി, ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ക്വീന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ഷാരിസ്, ജിബിന്‍ എന്നിവരുടെതാണ് തിരക്കഥ. സാദിഖ് കബീര്‍ ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സെന്‍ട്രല്‍ പിക്ചേഴ്സാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.

Top