അധിര്‍ രഞ്ജന്‍ ചൗധരിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കും

ദില്ലി: ലോക്സഭയില്‍ കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കും. ഇന്ന് ചേര്‍ന്ന പാര്‍ലമെന്റ് പ്രിവിലേജ് കമ്മിറ്റിയിലാണ് ഇത് സംബന്ധിച്ച് ധാരണയുണ്ടായത്. ഇന്ന് കമ്മിറ്റിക്ക് മുന്‍പില്‍ ഹാജരായി അധിര്‍ രഞ്ജന്‍ ചൗധരി തന്റെ ഭാഗം വിശദീകരിച്ചിരുന്നു. രഞ്ജന്‍ ചൗധരിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് ലോക്‌സഭാ സ്പീക്കര്‍ക്ക് പ്രിവിലേജ് കമ്മിറ്റി കൈമാറും. ആരെയും അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചില്ലെന്നും തന്റെ വാദം ശക്തമായി അവതരിപ്പിക്കാനാണ് ശ്രമിച്ചതെന്നുമായിരുന്നു അധിര്‍ രഞ്ജന്‍ ചൗധരിയുടെ നിലപാട്. ഈ മാസം 11 നാണ് അധിര്‍ രഞ്ജന്‍ ചൗധരിയെ ലോക്‌സഭാ സ്പീക്കര്‍ സസ്‌പെന്റ് ചെയ്തത്.

മണിപ്പൂര്‍ വിഷയത്തിലെ അവിശ്വാസ പ്രമേയത്തിനിടെ അധിര്‍ രഞ്ജന്‍ ചൗധരി നടത്തിയ പരാമര്‍ശങ്ങളാണ് നടപടിക്ക് കാരണം. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് പറഞ്ഞ ചൗധരി, മണിപ്പൂര്‍ കലാപത്തെ ഒരു സംസ്ഥാനത്തെയും അക്രമവുമായി താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്ന് പറഞ്ഞിരുന്നു. ഹസ്തിനപുരത്ത് ദ്രൗപദി വിവസ്ത്രയാക്കപ്പെട്ടപ്പോള്‍ ധൃതരാഷ്ട്രര്‍ അന്ധനായിരുന്ന പോലെ ഇന്നും രാജാവ് അന്ധനായിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതോടെയാണ് ഭരണപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്.

അമിത് ഷാ രാജ്യത്തെ പ്രധാനമന്തിയെ കുറിച്ച് മോശമായി പറയുന്നത് പ്രതിപക്ഷ നേതാവിന് ചേര്‍ന്നതല്ലെന്ന് വിമര്‍ശിച്ചിരുന്നു. മോദിക്കില്ലാത്ത ദേഷ്യം അമിത് ഷായ്ക്ക് എന്തിനാണെന്നായിരുന്നു ചൗധരിയുടെ പരിഹാസം. നീരവ് മോദിയെ പരാമര്‍ശിച്ച് ഭരണപക്ഷത്തെ ചൗധരി വീണ്ടും പ്രകോപിപ്പിച്ചു. കോടികള്‍ മോഷ്ടിച്ച് നീരവ് മോദി കടന്നു കളഞ്ഞുവെന്നാണ് കരുതിയതെന്നും എന്നാല്‍ മണിപ്പൂരിലെ സംഭവങ്ങള്‍ കണ്ടപ്പോള്‍ നീരവ് മോദി ഇന്ത്യയില്‍ ഉണ്ടെന്ന് മനസ്സിലായെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ഭരണ പ്രതിപക്ഷ ബഹളം ശക്തമായി. പിന്നാലെയാണ് ചൗധരിയെ സസ്‌പെന്റ് ചെയ്തുകൊണ്ട് സ്പീക്കര്‍ നിലപാടെടുത്തത്.

Top