മെയ്ക് ഇന്‍ ഇന്ത്യയ്‌ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി

ഡല്‍ഹി : കേന്ദ്രത്തിന്റെ മെയ്ക് ഇന്‍ ഇന്ത്യയ്‌ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. കേന്ദ്രത്തിന്റെ വെറുമൊരു പ്രഹസനം മാത്രമാണ് മെയ്ക്ക് ഇന്‍ ഇന്ത്യ എന്ന് ചൗധരി പറഞ്ഞു. ചൈനയില്‍ നിന്ന് രാജ്യത്തേക്ക് വ്യാപകമായി സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നെന്ന കണക്കുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം ചൈനയില്‍ നിന്നുള്ള ഇറക്കുമതി എക്കാലത്തേയും ഉയര്‍ന്ന നിരക്കിലാണ്. ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരകമ്മി 69 മില്യണ്‍ ഡോളറാണെന്നും അധീര്‍ രഞ്ജന്‍ ചൗധരി ചൂണ്ടിക്കാട്ടി. മെയ്ക് ഇന്‍ ഇന്ത്യ വിജയകരമാണെങ്കില്‍ ഇപ്പോഴും നമ്മള്‍ എന്തിന് ചൈനയെ ആശ്രയിക്കുന്നുവെന്ന് സര്‍ക്കാര്‍ വിശദീകരിക്കണെമന്നും അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

മെയ്ക് ഇന്‍ ഇന്ത്യയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ചൈനയെ ഈ വിധത്തില്‍ ആശ്രയിക്കുകയാണെങ്കില്‍ മെയ്ക് ഇന്‍ ഇന്ത്യ പരിപാടിക്ക് ബൈ ഫ്രം ചൈന എന്ന് പേരുമാറ്റുന്നതാകും നല്ലതെന്നായിരുന്നു രാഹുലിന്റെ പരിഹാസം. രാജ്യത്തെ അസംഘടിത തൊഴില്‍ മേഖലയെ മോദി സര്‍ക്കാര്‍ തകര്‍ത്തു. കോര്‍പറേറ്റുകളെയും വന്‍കിട വ്യവസായങ്ങളേയും മാത്രം പ്രോത്സാഹിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ചെറുകിട, ഇടത്തരം വ്യവസായങ്ങളെ തൂത്തെറിഞ്ഞെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

 

Top