അഭിമാനമല്ല ഭാഗ്യമാണ്, കടമയാണ്; അച്ഛന് കരള്‍ പകുത്തു നല്‍കി യുവ സംവിധായകന്‍

രള്‍ രോഗം ബാധിച്ച അച്ഛന് കരള്‍ പകുത്തു നല്‍കി യുവ സംവിധായകന്‍ അധിന്‍ ഒല്ലൂര്‍ മാതൃകയാകുന്നു. ഫെയ്‌സ്ബുക്കിലൂടെ അധിന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കോഴിക്കോട് ആസ്റ്റര്‍ മിംമ്‌സിലാണ് ശസ്ത്രക്രിയ നടന്നത്.

അഭിമാനമല്ല, ഭാഗ്യമാണ്, കടമയാണ് എന്ന് അധിന്‍ കുറിക്കുന്നു. ‘ഇക്കാര്യം നിങ്ങളെ അറിയിക്കാനുള്ള ശരിയായ സമയം ഇതാണ്, എനിക്ക് എന്റെ അച്ഛന് കരള്‍ കൊടുക്കാനുള്ളൊരു ഭാഗ്യമുണ്ടായി. മെയ് 18നായിരുന്നു ശസ്ത്രക്രിയ, ഇപ്പോള്‍ ഞങ്ങള്‍ സുഖമായിരിക്കുന്നു. ഞാനിന്ന് ഡിസ്ചാര്‍ജാകും, വൈകാതെ അച്ഛനും. ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ച പ്രിയപ്പെട്ട കൂട്ടുകാര്‍ക്ക് നന്ദി. മിംമ്‌സിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും നന്ദി.’ അധിന്‍ കുറിച്ചു.

പോസ്റ്റര്‍ ഡിസൈനിങിലൂടെയും ഷോര്‍ട്ട് ഫിലിമുകളിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് അധിന്‍. ഇപ്പോഴിതാ അധിന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ പെണ്ണന്വേഷണത്തിന്റെ ഷൂട്ടിങ് നടന്നുവരികയാണ്.

9090 പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സൈനുല്‍ ആബിദാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത് അധിന്‍ തന്നെയാണ്. പെണ്ണ് അന്വേഷിച്ചു നടക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.

Top