ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയാല്‍ ഇനി മൂന്ന് വര്‍ഷം വരെ തടവ്

adhar

ന്യൂഡല്‍ഹി: വ്യക്തികളുടെ വിവരങ്ങളും ആധാര്‍ ഡേറ്റയും ചോരുന്നതിനെതിരെ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. കുറ്റം ചെയ്യുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാമെന്ന് കേന്ദ്ര ഐ.ടി മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

അടുത്തിടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ഐടി മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ലക്ഷക്കണക്കിന് പെന്‍ഷന്‍കാരുടെ ആധാര്‍ വിവരങ്ങള്‍ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ അടുത്തിടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു.

ഛണ്ഡിഗഡിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ, ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എം.എസ്.ധോണിയുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതിനെതിരേ ഭാര്യ സാക്ഷി രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്.

വ്യക്തികളുടെ വിവരങ്ങളും ആധാര്‍ ഡേറ്റയും ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ല. ഇങ്ങനെ ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിവരങ്ങള്‍ വീണ്ടും പരിശോധിക്കാനും സ്വകാര്യ വിവരങ്ങള്‍ വെബ്‌സൈറ്റുകളില്‍ ചേര്‍ത്തിട്ടില്ലെന്ന് ഉറപ്പുവരുത്താനും കേന്ദ്ര ഐടി മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.

Top