വിവാദ എ.ഡി.ജി.പി സുധേഷ് കുമാറിനെതിരെ ഇന്റലിജന്‍സ് വിഭാഗം അന്വേഷണം തുടങ്ങി !

police

തിരുവനന്തപുരം: എ.ഡി.ജി.പി സുധേഷ് കുമാറിനെതിരെ വകുപ്പ് തല അന്വേഷണം വരും. ഈ ഉദ്യോഗസ്ഥന്റെ ക്രമക്കേടുകള്‍ മുന്‍നിര്‍ത്തി സി.പി.എം അനുകൂല കൈരളി പീപ്പിള്‍ ചാനല്‍ പുറത്ത് വിട്ട വാര്‍ത്തയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചു തുടങ്ങി.

ഔദ്യോഗിക വാഹനത്തിനു പുറമെ പട്ടിക്ക് യാത്ര ചെയ്യാനും പ്രത്യേക പൊലീസ് വാഹനമുണ്ടെന്നും മകളെ ശാരീരികമായി പരിശീലിപ്പിക്കുന്നതിന് വനിതാ പൊലീസ് ഉദ്യോഗസ്ഥയും 15ലേറെ ക്യാമ്പ് ഫോളേവര്‍മാരും ഉണ്ടെന്ന് പീപ്പിള്‍ ടി.വി ചീഫ് റിപ്പോര്‍ട്ടര്‍ എസ്. ജീവന്‍ കുമാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പൊലീസ് ഡ്രൈവറെ എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥന് അന്വേഷണ ചുമതല കൈമാറിയിട്ടുണ്ട്. പൊലീസിലെ ദാസ്യപണി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് അസോസിയേഷന്‍ മുഖ്യമന്ത്രിക്കും, ഡിജിപിക്കും പരാതി നല്‍കി കഴിഞ്ഞു.

നിരവധി ആരോപണങ്ങളാണ് എഡിജിപി സുധേഷ്‌കുമാറിനെതിരെ പീപ്പിള്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

1, കേരളത്തിലെ ഒന്‍പത് പ്രധാന ബറ്റാലിയനുകളുടെ ചുമതലയുളള എഡിജിപിയായ അദ്ദേഹം ഔദ്യോഗികമായി സര്‍ക്കാര്‍ നല്‍കിയ വാഹനത്തിന് പുറമെ നാലോളം വാഹനങ്ങളാണ് അനധികൃതമായി ഉപയോഗിക്കുന്നത്.

2, വിവിധ ബറ്റാലിയനുകളിലേക്ക് ആഭ്യന്തരവകുപ്പ് നല്‍കിയിരിക്കുന്ന വാഹനങ്ങളാണ് സ്വന്തം വീട്ടാവശ്യത്തിനായി ഇദ്ദേഹം കസ്റ്റഡിയില്‍ വെച്ചിരിക്കുന്നത്.

3, ഇതില്‍ ഒരു വാഹനത്തില്‍ യാത്ര ചെയ്യുന്നത് അദ്ദേഹത്തിന്റെ പട്ടിയാണെന്നതും പൊലീസ് സേനയ്ക്ക് മുഴുവന്‍ നാണക്കേട് ഉണ്ടാക്കുന്ന കാര്യമാണ്.

4, മകളോടൊപ്പം പ്രഭാത സവാരിക്ക് കൂടെ പോകുക വ്യായമത്തിന് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കുക തുടങ്ങിയവയൊക്കെയാണ് വനിതാ പൊലീസിന്റെ ചുമതല.

5, വാഹനങ്ങള്‍ ഓടിക്കുന്നതിനായി മൂന്ന് ഡ്രൈവറന്‍മാരെയും വീട്ടിലേയും ഓഫീസിലേയും സുരക്ഷക്കായി 11 പുരുഷ പൊലീസുകാരെയും നിയോഗിച്ചിട്ടുണ്ട്.

6, വിവിധ ബറ്റാലിയനുകളിലെ ക്യാന്റീന്‍ ജോലിക്കായി കൊടുത്തിരിക്കുന്ന കുക്ക്, സ്വീപ്പര്‍, കാര്‍പെന്റര്‍, എന്നീ തസ്തികയില്‍ ജോലി ചെയ്യുന്ന നിരവധി പേരെ വീട്ടുജോലിക്കായി നിയോഗിച്ചിട്ടുണ്ട്.

കൂടാതെ ജോലി ചെയ്യുന്ന കീഴുദ്യോഗസ്ഥരോട് വളരെ മോശമായിട്ടാണ് സുധേഷ്‌കുമാറും കുടുംബവും പെരുമാറുന്നതെന്നും ആക്ഷേപമുണ്ട്. ഇത്തരത്തിലുള്ള മാനസിക പീഡനത്തില്‍ മനം നൊന്ത് അടുത്തിടെ ഒരു ഡ്രൈവര്‍ നീണ്ട അവധി എടുത്തിരുന്നു.

കരാട്ടെ ബ്‌ളാക്ക് ബെല്‍റ്റ് ജേതാവായ മകള്‍ സ്വന്തം ഡ്രൈവറെ മര്‍ദ്ദിച്ചിട്ടും സുധേഷ്‌കുമാര്‍ മൗനം തുടരുകയാണ്. അതിനിടെ ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ അന്വേഷണചുമതല സിറ്റി ക്രൈംബ്രാഞ്ചിന് കമ്മീഷണര്‍ കൈമാറുകയും ചെയ്തു. ഡിവൈഎസ്.പി പ്രതാപന്‍ നായര്‍ക്കാണ് അന്വേഷണചുമതല. ചാടി കയറി അറസ്റ്റ് വേണ്ടന്നതാണ് പൊലീസ് തല്‍കാലം സ്വീകരിച്ചിരിക്കുന്ന നിലപാട്. കോടതി അവധിയായതിനാല്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കാന്‍ കഴിയാത്ത അവസ്ഥയിലുമാണ് പെണ്‍കുട്ടി.

സര്‍ക്കാര്‍ കര്‍ശന നിലപാട് സ്വീകരിച്ചതോടെ മര്‍ദ്ദനമേറ്റ പൊലീസുകാരനെ വശത്താക്കാനുള്ള എഡിജിപിയുടെ ശ്രമവും വിഫലമായിരിക്കുകയാണ്.

Top