ADGP sreelekha’s vigilance enquiry

തിരുവനന്തപുരം: സംസ്ഥാന ജയില്‍ മേധാവിക്കെതിരായി നടന്ന വിജിലന്‍സ് അന്വേഷണത്തില്‍ ‘ബാഹ്യ ഇടപെടലുകള്‍’ നടന്നതായി ആക്ഷേപം.

അന്വേഷണം നടത്തിയ സി ഐ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ എല്ലാ വശങ്ങളും കൃത്യമായി പരിശോധിക്കാതെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നതെന്നാണ് ആക്ഷേപം. ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി നിയമ നടപടികളുമായി മുന്നോട്ട് പോവാനും അണിയറയില്‍ നീക്കമുണ്ട്.

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരിക്കെ ശ്രീലേഖ താമസിച്ചിരുന്ന വീടിന്റെ മുന്‍വശത്തെ ഈശ്വര വിലാസം റോഡ് ടൈല്‍ പാകിയും മറ്റും വൃത്തിയാക്കുന്നതിന് റോഡ് സേഫ്റ്റി ഫണ്ട് ഉപയോഗപ്പെടുത്തിയ കാര്യത്തില്‍ ശരിയായ അന്വേഷണം വിജിലന്‍സ് നടത്തിയിട്ടില്ലന്നാണ് ആരോപണം.

കേരളത്തില്‍ പ്രതിവര്‍ഷം 4000ത്തില്‍ പരം ആളുകള്‍ റോഡപകടങ്ങളെ തുടര്‍ന്ന് മരണപ്പെടുകയും ഇതിന്റെ എത്രയോ ഇരട്ടി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍. റോഡ് സേഫ്റ്റി ഫണ്ട് ഉപയോഗിച്ച് ആദ്യം നന്നാക്കേണ്ടത് ഇത്തരം അപകട മേഖലകള്‍ ( ബ്ലാക്ക് സ്‌പോട്ട് ) ആണെന്നിരിക്കെ അത് ചെയ്യാതെ സ്ഥാപിത താല്‍പര്യം മുന്‍നിര്‍ത്തി വീടിന് മുന്നിലെ റോഡ് നിര്‍മ്മാണത്തിനായി പണം അനുവദിച്ചത് ഗുരുതരമായ തെറ്റാണെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ചൂണ്ടി കാട്ടുന്നത്. മാത്രമല്ല റോഡ് സേഫ്റ്റി അതോററ്റി ബോര്‍ഡ് യോഗം വിളിച്ചാണ് തീരുമാനമെടുക്കേണ്ടതെന്ന നിയമവും ഇവിടെ ലംഘിക്കപ്പെട്ടിരുന്നു.

ഇനി പണം അനുവദിച്ചത് പ്രസ്തുത റോഡില്‍ അപകടമുണ്ടാകുന്നത് കൊണ്ടാണെന്ന് വാദിക്കുകയാണെങ്കില്‍ ഈശ്വരവിലാസം റോഡില്‍ അപകടങ്ങളുണ്ടായതായി ആ സമയങ്ങളില്‍ റിപ്പോര്‍ട്ട് പോലും ചെയ്യപ്പെട്ടിരുന്നില്ല. റോഡ് സേഫ്റ്റി ഫണ്ട് ഉപയോഗിച്ച് ശ്രീലേഖ അപകട മേഖല പുനഃരുദ്ധരിച്ചതായും റിപ്പോര്‍ട്ടിലില്ല.

ഇപ്പോള്‍ വിജിലന്‍സ് ന്യായീകരണത്തിനായി എടുത്ത് പറയുന്ന വാദം ഈശ്വരവിലാസം റോഡില്‍ എ കെ ആന്റണി അടക്കമുള്ളവര്‍ താമസിക്കുന്നു എന്നാണ്. എന്നാല്‍ നിയമപ്രകാരം രാജ്യത്ത് രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ വസതികള്‍ക്ക് സമീപമുള്ള റോസുകള്‍ക്ക് മാത്രമേ ക്രമം വിട്ട് പ്രവര്‍ത്തി നടത്താന്‍ അനുവാദമുള്ളു. എ കെ ആന്റണി മുന്‍ രാഷ്ട്രപതിയോ ഉപരാഷ്ട്രപതിയോ മുന്‍ പ്രധാനമന്ത്രിയോ ഒന്നുമല്ലാത്തതിനാല്‍ ഈശ്വര വിലാസം റോഡിന് ആ പരിഗണനയും ലഭിക്കില്ല. ഇവിടെയാണ് സ്ഥാപിത താല്‍പര്യം വ്യക്തമാകുന്നത്.

തന്റെ വസതിയിലേക്ക് പൊലീസ് ലോറിയും ജീപ്പും ഉപയോഗിച്ച് പണി സാമഗ്രഹികളും ഗ്യഹോപകരണങ്ങളും ശ്രീലേഖ ഇറക്കുമതി ചെയ്തതിലുമുണ്ട് അധികാര ദുര്‍വിനയോഗം. ഇങ്ങനെ പൊലീസ് വാഹനങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് ഉപയോഗിക്കണമെങ്കില്‍ അനുമതി വാങ്ങി ട്രെഷറിയില്‍ പണമടക്കണമെന്നാണ് നിയമം. മാധ്യമ വാര്‍ത്ത വന്നതിന് ശേഷം പിന്നീട് പണമടച്ചാലും കുറ്റം ഇല്ലാതാകില്ലന്നിരിക്കെ ഇവിടെയും വിജിലന്‍സ് കണ്ണടച്ചു.

ഹൈദരാബാദ് നാഷണല്‍ പൊലീസ് അക്കാദമിയിലെ പരിശീലനത്തിന്റെ ഭാഗമായി ശ്രീലേഖ അമേരിക്കയില്‍ കഴിയവേ തിരുവനന്തപുരം എസ് എ ടിയിലെ ഡോക്ടറായ ഭര്‍ത്താവ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ വാഹനമോടിച്ച് ആശുപത്രിയില്‍ പോയ സംഭവം ചാനലുകളില്‍ വാര്‍ത്തയായിരുന്നു. ഇതേ കുറിച്ചും വിജിലന്‍സ് അന്വേഷിക്കേണ്ടതായിരുന്നു. അന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ചാര്‍ജ്ജുണ്ടായിരുന്ന ടോമിന്‍ ജെ തച്ചങ്കരി പോലും അറിയാതെയായിരുന്നു ഈ നിയമ ലംഘനം.

പാലോട് നെല്ലിമൂടിലുള്ള ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ കുടുംബ സമ്മേതം ശ്രീലേഖ ഷോപ്പിംങ്ങിന് പോയപ്പോള്‍ അത് കഴിയുന്നത് വരെ പൊലീസ് വാഹനം സ്റ്റാര്‍ട്ടാക്കി നിര്‍ത്തി വളര്‍ത്തുനായക്ക് എ സി ഇട്ട് കൊടുത്ത സംഭവവും നേരത്തെ വിവാദമായിരുന്നു. ഇവിടെ നിന്ന് സ്വകാര്യ ആവശ്യത്തിന് വാങ്ങിയ ചെടി ചട്ടി പൊലീസുകാരനെ കൊണ്ടാണ് വാഹനത്തില്‍ വയ്പിച്ചിരുന്നത്. ഇത് മനുഷ്യാവകാശ ലംഘനമാണെന്ന് അന്ന് തന്നെ ആരോപണമുയര്‍ന്നിരുന്നു.

എല്ലാ നിയമ ലംലനങ്ങളിലും അടിസ്ഥാനപരമായ കാര്യങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് പറയുന്ന വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ കീഴിലെ ഉദ്യോഗസ്ഥന് എങ്ങനെ ശ്രീലേഖക്ക് ക്ലീന്‍ ചിറ്റ് കൊടുക്കാന്‍ കഴിഞ്ഞുവെന്നതാണ് ഉദ്യോഗസ്ഥരെ പോലും അമ്പരപ്പിക്കുന്നത്.


ശ്രീലേഖ ഐപിഎസ്‌ന്റെ നിയമലംഘനത്തിന്റെ വീഡിയോകള്‍


Top