ADGP-Sreelekha-Violating-rules

തിരുവനന്തപുരം: മകന്‍ ഔദ്യോഗിക വാഹനം ഓടിച്ചതിന് ഐജി സുരേഷ് രാജ് പുരോഹിതിനെ വേട്ടയാടിയവര്‍ എഡിജിപിയുടെ നിയമലംഘനം കണ്ടില്ലെന്ന് നടിക്കുന്നു.

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരിക്കെ വിദേശത്ത് ട്രെയിനിങ്ങിന് പോയപ്പോള്‍ എഡിജിപി ശ്രീലേഖയുടെ ഭര്‍ത്താവ് ഡോ. കൃഷ്ണകുമാര്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ വാഹനം ഉപയോഗിച്ച സംഭവത്തിലാണ് സര്‍ക്കാരും ‘പൊതുപ്രവര്‍ത്തകരും’ കണ്ണടക്കുന്നത്.

ശ്രീലേഖ സ്ഥലത്തില്ലാതിരുന്ന സമയത്ത് ഭര്‍ത്താവ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷറുടെ സ്‌പെയര്‍ വാഹനമായ മാരുതി സ്വിഫ്റ്റ് ഡിസൈറില്‍ ഔദ്യോഗിക മുദ്ര മറച്ച് വച്ച് താന്‍ ജോലി ചെയ്യുന്ന എസ് ഐ ടി ആശുപത്രിയിലേക്ക് ഓടിച്ച് പോവുകയായിരുന്നു.ഒരു പ്രമുഖ ചാനല്‍ ഈ ദൃശ്യം സംപ്രേക്ഷണവും ചെയ്തിരുന്നു.

ഒരു ഉദ്യോഗസ്ഥന്‍ ആ പദവിയില്‍ നിന്ന് മാറി നില്‍ക്കുമ്പോള്‍ വാഹനവും ഔദ്യോഗിക മൊബൈല്‍ ഫോണും ഉള്‍പ്പെടെ സര്‍ക്കാര്‍ നല്‍കിയ എല്ലാ സൗകര്യങ്ങളും പിന്‍ഗാമിക്ക് നല്‍കണമെന്നതാണ് ചട്ടം. എന്നാല്‍ ഇത് ലംഘിച്ചാണ് ശ്രീലേഖയുടെ ഭര്‍ത്താവ് ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തത്.

സര്‍ക്കാര്‍ സൗകര്യങ്ങള്‍ സ്വന്തം ഭര്‍ത്താവ് മറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായാല്‍ പോലും അവരവര്‍ക്ക് അനുവദിക്കപ്പെട്ടതല്ലാതെ ഉപയോഗിക്കാന്‍ പാടില്ലാത്തതാണ്. അങ്ങനെ സംഭവിച്ചാല്‍ അത് മോട്ടോര്‍ വാഹന ആക്ട് പ്രകാരം കുറ്റമാണ്.

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ വാഹനത്തിന്റെ രജിസ്‌ട്രേഡ് ഉടമ സര്‍ക്കാരിന് വേണ്ടി ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിയാണ്. ഇദ്ദേഹത്തിന്റെ ഔദ്യോഗികമായ അനുവാദത്തോടെ മാത്രമേ വാഹനം വകുപ്പിലെ ഏതൊരു ഉദ്യോഗസ്ഥനും ഉപയോഗിക്കാന്‍ പറ്റുകയുളളൂ.

സമാനമായ രീതിയില്‍ ഇതിന് മുന്‍പും ശ്രീലേഖക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും സര്‍ക്കാര്‍ അന്വേഷണത്തിന് തയ്യാറാകാത്തതാണ് വീണ്ടും തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്നാണ് ആരോപണം.

പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ ശ്രീലേഖ നായക്കുട്ടിയുമായി ഔദ്യോഗികവാഹനത്തില്‍ പോയതും അവിടെ നിന്ന് ചെടിചെട്ടികള്‍ പോലീസ് ‘സഹായത്തോടെ’ വാങ്ങികൊണ്ട് വന്നതുമെല്ലാം ചാനലുകള്‍ ദൃശ്യങ്ങള്‍ സഹിതം വാര്‍ത്തയാക്കിയിരുന്നു.

തിരുവനന്തപുരം ഈശ്വരവിലാസം റോഡിലെ വസതിക്ക് മുന്നിലെ പൊതുനിരത്ത് റോഡ് സേഫ്റ്റി ഫണ്ട് ഉപയോഗിച്ച് മോടി പിടിപ്പിച്ചതും വിവാദമായിരുന്നു. പുതിയ വീടിന്റെ നിര്‍മ്മാണം പുരോഗമിക്കവെ ഇവിടേക്ക് സാധനങ്ങള്‍ കൊണ്ടുവരാനും മറ്റും പൊലീസിനെയും പൊലീസ് വാഹനങ്ങളുമായിരുന്നു ഉപയോഗിച്ചിരുന്നത്.

Top