പൊലീസിന്റെ നിഗമനം പലതും തെറ്റ്, പത്മകുമാറിനെ നിയോഗിച്ചതും ശരിയല്ല

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി സിനിമയ്ക്ക് ഒടുവില്‍ സംസ്ഥാന പോലീസ് തന്നെ ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുകയാണ്. ഈ റിപ്പോര്‍ട്ട് പരിഗണിച്ച് ഇനി ഹൈക്കോടതിയാണ് അന്തിമ വിധി പറയുക. സിനിമ നിലവിലുള്ള നിയമങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും കഥാസന്ദര്‍ഭത്തിന് യോജിച്ച സംഭാഷണങ്ങളാണ് സിനിമയിലുള്ളതെന്നുമാണ് എഡിജിപി ബി. പദ്മകുമാറിന്റെ നേതൃത്വത്തിലുള്ള സമിതി വിലയിരുത്തിയിരിക്കുന്നത്. സിനിമ കണ്ടശേഷമാണ് ഉന്നത പോലീസ് സംഘം ഇങ്ങനെ വിലയിരുത്തിയത് എന്നതും ശ്രദ്ധേയമാണ്. തെറിവിളികളുടെ ‘ബ്രാന്‍ഡ് അംബാസിഡര്‍മാരായി’ സമൂഹം പൊതുവെ വിലയിരുത്തുന്ന ‘കാക്കിപ്പടയുടെ ഭാഗത്തു നിന്നും ഇത്തരമൊരു റിപ്പോര്‍ട്ട് നല്‍കിയില്ലങ്കിലേ യഥാര്‍ത്ഥത്തില്‍ അത്ഭുതപ്പെടേണ്ടതൊള്ളൂ.

കഥ ആവശ്യപ്പെടുന്ന എന്തും സിനിമയാക്കാമെന്ന കാക്കിയുടെ കാഴ്ചപ്പാട് സാംസ്‌കാരിക കേരളത്തിന് യോജിച്ചതല്ല. സിനിമ കണ്ട് വിലയിരുത്തിയ സംഘത്തിന് നേതൃത്വം കൊടുത്തിരിക്കുന്നത് എ.ഡി.ജി.പി പത്മകുമാറാണ്. സോളാര്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പത്മകുമാറിനെതിരെ മുന്‍പ് ഗുരുതര ആരോപണങ്ങളാണ് സരിത എസ് നായര്‍ ഉയര്‍ത്തിയിരുന്നത്. തന്റെ ഫോണില്‍ ഉണ്ടായിരുന്ന നഗ്‌ന ദൃശ്യങ്ങള്‍ പുറത്ത് വിട്ടത് ഐ.ജി പത്മകുമാറാണെന്നാണ് അവര്‍ ആരോപിച്ചിരുന്നത്. ഇതു സംബന്ധമായി അന്വേഷണം ആവശ്യപ്പെട്ട് പരാതിയും അവര്‍ നല്‍കിയിരുന്നു. ഇത്തരത്തില്‍ ഗുരുതര ആരോപണം നേരിടുന്ന ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ‘ചുരുളി’ സിനിമയെ കുറിച്ച് വിലയിരുത്തല്‍ നടത്തിയത് തന്നെ തെറ്റായ രീതിയാണ്. മറ്റേതെങ്കിലും ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ആകണമായിരുന്നു വിലയിരുത്തല്‍ നടത്തേണ്ടിയിരുന്നത്. ഇവിടെ സംസ്ഥാന പൊലീസ് ആസ്ഥാനത്തിനാണ് ഗുരുതര വീഴ്ച സംഭവിച്ചിരിക്കുന്നത്.

ചുരുളി സിനിമയിലെ ഭാഷാപ്രയോഗം ചൂണ്ടിക്കാട്ടി ചിത്രം ഒ.ടി.ടിയില്‍ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സ്വകാര്യ വ്യക്തി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് വിഷയം പരിശോധിക്കാന്‍ കോടതി പോലീസിന് നിര്‍ദേശം നല്‍കിയിരുന്നത്. ഇതിനേത്തുടര്‍ന്നാണ് പദ്മകുമാര്‍ അധ്യക്ഷനായ സമിതി സിനിമ കാണുകയും ഇപ്പോള്‍ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരിക്കുന്നത്. ചുരുളി ഒരുതരത്തിലുമുള്ള നിയമലംഘനവും നടത്തുന്നില്ല എന്നാണ് ഈ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.

നാട്ടില്‍ പലവിധ കുറ്റകൃത്യങ്ങള്‍ നടത്തിയ ശേഷം നിയമത്തില്‍ നിന്നും രക്ഷപ്പെട്ട് കൊടുംകാട്ടിനുള്ളില്‍ താമസിക്കുന്ന ഒരുകൂട്ടം ആളുകളുടെ കഥയാണ് ചുരുളി സിനിമയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കഥാപാത്രങ്ങള്‍ ദുഷ്‌കരമായ സാഹചര്യത്തിലാണ് ജീവിക്കുന്നത്. ഈയൊരു സാഹചര്യത്തില്‍ ജീവിക്കുന്നതിനാല്‍ പരുക്കന്‍ ഭാഷയാണ് അവര്‍ ഉപയോഗിക്കുന്നത്. ആ കഥാപാത്രങ്ങളുടെ വിശ്വാസ്യതയ്ക്ക് ഈ ഭാഷ അനിവാര്യമാണെന്നും ഇത്, കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമാണെന്നത് പരിഗണിക്കേണ്ടിവരുമെന്നും ആണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കൂടാതെ ഒ.ടി.ടി പ്ലാറ്റ്‌ഫോം എല്ലാവര്‍ക്കും എളുപ്പം കയറിച്ചെല്ലാവുന്ന പൊതു ഇടമല്ലെന്നും പൊതുഇടത്തില്‍ ഏതെങ്കിലും തരത്തിലുള്ള മോശം പ്രയോഗങ്ങള്‍ ഉണ്ടെങ്കിലേ അവ നിയമവ്യവസ്ഥയെ ലംഘിക്കുന്നുള്ളൂ എന്നുമാണ് വാദം.

ഇന്റര്‍നെറ്റ് ഉപയോഗിച്ച് സബ്‌സ്‌ക്രൈബ് ചെയ്ത് പണമടച്ച് എത്തേണ്ട പ്ലാറ്റ്‌ഫോമാണ് ഇത്. അതൊരു പൊതുസ്ഥലമായി കാണാന്‍ കഴിയില്ലെന്നും എ.ഡി.ജി പി നല്‍കിയ പോലീസ് റിപ്പോര്‍ട്ടിലുണ്ട്. സെന്‍സര്‍ഷിപ്പ് പോലുള്ള നിയമങ്ങള്‍ ഒ.ടി.ടി സംവിധാനങ്ങള്‍ക്ക് ഇതുവരെ ബാധകമാക്കിയിട്ടില്ല. ഈ സിനിമ തുടങ്ങുന്നതിന് മുമ്പ് തന്നെ ചിത്രത്തില്‍ വയലന്‍സും മോശം പദപ്രയോഗങ്ങളുമുണ്ടെന്നും പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം കാണാനുള്ളതാണ് എന്നുമുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടന്നും നിലവില്‍ രാജ്യത്തെ നിയമം ലംഘിക്കുന്ന ഒന്നും തന്നെ ചുരുളി സിനിമയിലില്ലെന്നുമാണ് സമിതിയുടെ കണ്ടെത്തല്‍. സെന്‍സര്‍ ചെയ്ത പതിപ്പല്ല പ്രദര്‍ശിപ്പിച്ചതെന്ന സെന്‍സര്‍ബോര്‍ഡ് റിപ്പോര്‍ട്ട് നില നില്‍ക്കെ പൊലീസ് ചുരളിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കാണ് ആശ്വാസമായിരിക്കുന്നത്.

പോലീസ് റിപ്പോര്‍ട്ട് കൂടി വന്നതോടെ ചുരുളി സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കു വിരാമമാകുമെന്നാണ് സംവിധായകന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതീക്ഷിക്കുന്നത്. ഈ റിപ്പോര്‍ട്ട് ഹൈക്കോടതി കൂടി അംഗീകരിച്ചാല്‍ ഇതു പോലെ നിരവധി ‘ചുരുളികള്‍’ പിറവിയെടുക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. കുട്ടികള്‍ എന്നോ മുതിര്‍ന്നവര്‍ എന്നാ ഭേദമില്ലാതെ എല്ലാവരുടെയും സ്മാര്‍ട്ട് ഫോണിലും ടാബിലും ലാപ് ടോപ്പിലും എല്ലാം എപ്പോള്‍ വേണമെങ്കിലും എന്തും കാണാനും കേള്‍ക്കാനും കഴിയുന്ന അവസ്ഥയിലൂടെയാണ് നാം കടന്നു പോകുന്നത്. പൊലീസ് സമിതി കണ്ടെത്തിയതു പലതും സാമാന്യ യുക്തിക്കു നിരക്കാത്തതാണ്. ഒ.ടി.ടി പ്ലാറ്റ് ഫോം പൊതു ഇടമല്ലങ്കിലും ഇതില്‍ വരുന്ന എന്തും നിമിഷ നേരം കൊണ്ടു തന്നെ ടെലഗ്രാം ഉള്‍പ്പെടെയുള്ള ഫ്‌ലാറ്റ് ഫോമുകളില്‍ സൗജന്യമായി ലഭ്യമാണ് എന്നതും അവര്‍ മുഖവിലക്കെടുക്കണമായിരുന്നു.

യഥാര്‍ത്ഥ ജീവിതം സിനിമയില്‍ ആവിഷ്‌ക്കരിക്കുമ്പോള്‍ ഇത്തരം ഡയലക്ട് ഉപയോഗിക്കേണ്ടി വരുമെന്നെല്ലാം പറഞ്ഞ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് വേണമെങ്കില്‍ ന്യായീകരണം കണ്ടെത്താം പക്ഷെ ആ ദൗത്യം പൊലീസ് നിര്‍വ്വഹിക്കരുത്. സംസാര ഭാഷയില്‍ ഇത്രയ്ക്ക് തെറിവാക്കുകള്‍ ഉപയോഗിക്കുന്ന ഒരു ജനസമൂഹം കേരളത്തില്‍ എവിടെയെങ്കിലും ഉണ്ടോയെന്നതും വിലയിരുത്തപ്പെടേണ്ടതു തന്നെയാണ്. ഈ സിനിമ റിലീസ് ചെയ്തിരിക്കുന്നത് ഒ ടി ടി പ്ലാറ്റ്‌ഫോം വഴിയാണ്. അതുകൊണ്ടു തന്നെ, കഥാപാത്രങ്ങളുടെ വായില്‍ നിന്ന് പുറപ്പെടുന്ന തെറിവാക്കുകള്‍ പ്രേക്ഷകന്റെ കര്‍ണ്ണങ്ങളിലേക്ക് നിരന്തരം വന്നു തറയ്ക്കുന്നുണ്ട്. മറിച്ച് തിയേറ്ററിലായിരുന്നു ചുരുളി റിലീസ് ചെയ്തിരുന്നതെങ്കില്‍ ബീപ് ശബ്ദങ്ങളുടെ ഘോഷയാത്ര തന്നെ മുഴങ്ങുമായിരുന്നു. ഒ ടി ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ക്കും തിയേറ്റര്‍ സിനിമകള്‍ക്കെന്ന പോലെ കടുത്ത സെന്‍സര്‍ഷിപ്പ് വേണമെന്ന വാദത്തിന് ആക്കം കൂട്ടുകയാണ് യഥാര്‍ത്ഥത്തില്‍ ചുരുളി ചെയ്തിരിക്കുന്നത്.

സാധാരണ മനുഷ്യര്‍ പൊതു സമക്ഷം ഉറക്കെ പറയാന്‍ മടിക്കുന്ന ഇത്തരം വാക്കുകള്‍ സിനിമയില്‍ ഉപയോഗിക്കുന്നത് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് വേണമെങ്കില്‍ വാദിക്കാം. ചുരുളിക്ക് മുമ്പ് റിലീസായ ചില സിനിമകളിലെ ഇത്തരം പ്രയോഗങ്ങള്‍ ന്യായീകരിക്കപ്പെട്ടതും ഈയൊരു വാദത്തിനു പുറത്താണ്. എന്നാല്‍ ചുരുളിയിലേതു പോലെ അസ്വാഭാവികമായരീതിയില്‍ തെറി വാക്കുകള്‍ പ്രവഹിക്കുന്ന സിനിമകളില്‍ അസ്വസ്ഥരാകുന്ന വലിയൊരു വിഭാഗം കുടുംബങ്ങള്‍ ഇന്നും കേരളത്തിലുണ്ട്. അവരുടെ സ്വീകരണ മുറിയിലേക്കാണ് ഒ ടി ടി പ്ലാറ്റ്‌ഫോമുകള്‍ വഴി ഇത്തരം സിനിമകള്‍ കടന്നു ചെല്ലുന്നത്. അതാകട്ടെ സിനിമാമേഖലക്ക് പൊതുവേ ഗുണകരമായി തീരില്ലെന്നത് സിനിമ എടുക്കുന്നവരും മനസ്സിലാക്കണം.

ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് ‘എ’ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് ചുരുളി സിനിമയ്ക്ക് നല്‍കിയിരിക്കുന്നത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിരിക്കുന്ന മാറ്റങ്ങള്‍ ഒന്നും വരുത്താതെയാണ് ചിത്രം ഒടിടിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇക്കാര്യം സെന്‍സര്‍ ബോര്‍ഡ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ഈ വിവാദ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ചെമ്പന്‍ വിനോദ് ജോസ്, വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് ചുരുളിയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ആവിഷ്‌ക്കാര സ്വാതന്ത്ര്യം വേണം അതില്‍ തര്‍ക്കമില്ല. എന്നാല്‍ എന്തിനും ഏതിനും ആവിഷ്‌ക്കാര സ്വാതന്ത്ര്യമെന്നത് കേരളം പോലുള്ള പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. തെറി പറയുന്ന ഒരു സമൂഹത്തെ അല്ല നമുക്ക് വേണ്ടത്. തെറി കേട്ട് പഠിക്കേണ്ടവരുമല്ല നമ്മുടെ കുട്ടികള്‍ റിപ്പോര്‍ട്ട് നല്‍കും മുന്‍പ് പൊലീസ് സമിതി ഇക്കാര്യവും ഓര്‍ക്കണമായിരുന്നു . . . അതുണ്ടാവാതിരുന്നത് തികച്ചും ദൗര്‍ഭാഗ്യകരം തന്നെയാണ് …

EXPRESS KERALA VIEW

Top