ADGP Padmakumar is not in the Solar Commission list

കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിയെയും ഇന്റലിജന്‍സ് മേധാവിയെയും വിസ്തരിക്കാന്‍ തീരുമാനിച്ച സോളാര്‍ കമ്മീഷന്റെ ലിസ്റ്റില്‍ എഡിജിപി പത്മകുമാറില്ല.

സരിതയെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കുകയും ആദ്യഘട്ടത്തില്‍ കേസന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുകയും ചെയ്ത മുന്‍ എറണാകുളം റേഞ്ച് ഐ.ജി കൂടിയായ പത്മകുമാറിനെ തെളിവെടുപ്പിന് വിളിക്കാത്ത സോളാര്‍ കമ്മീഷന്‍ നടപടി ഏറെ സംശയത്തിനിട നല്‍കിയിരിക്കുകയാണ്.

തന്നെ അറസ്റ്റ് ചെയ്യുമ്പോള്‍ പിടിച്ചെടുത്ത ലാപ്‌ടോപ്പുകളിലും മൊബൈലുകളിലും പലതും കോടതിയില്‍ ഹാജരാക്കിയിട്ടില്ലെന്ന സരിതയുടെ മൊഴിയുടെ പശ്ചാത്തലത്തില്‍ പെരുമ്പാവൂര്‍ ഡിവൈഎസ്പിയായിരുന്ന ഹരികൃഷ്ണനില്‍ നിന്ന് കമ്മീഷന്‍ മൊഴിയെടുത്തിരുന്നെങ്കിലും അതും പാതിവഴിക്ക് നിര്‍ത്തിയിരുന്നു.

തന്റെ വിവാദ വാട്‌സ് ആപ്പ് ദൃശ്യങ്ങള്‍ പൊലീസ് പിടിച്ചെടുത്തവയില്‍ ഉള്‍പ്പെട്ടിരുന്നതാണെന്നും എഡിജിപി പത്മകുമാറാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടതെന്നും ആരോപിച്ച് ഡിജിപിക്ക് രേഖാമൂലം സരിത പരാതി നല്‍കിയത് ചൂണ്ടിക്കാട്ടി സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫിന്റെ സംസ്ഥാന സെക്രട്ടറി കെ.രാജന്‍ സോളാര്‍ കമ്മീഷനില്‍ നേരത്തെ മൊഴി നല്‍കിയിരുന്നു.

പൊലീസ് പിടിച്ചെടുത്ത ലാപ്‌ടോപ്പിലും മൊബൈലിലും ഉന്നതരുടെ ദൃശ്യങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇത് ഉപയോഗിച്ച് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയാണ് ഉന്നത പദവിയില്‍ പത്മകുമാറും ഹരികൃഷ്ണനും തുടരുന്നതെന്നും എഐവൈഎഫ് സെക്രട്ടറി ആരോപിച്ചിരുന്നു.

അതീവ ഗുരുതരമായ ഈ ആക്ഷേപത്തിനെ സാധൂകരിക്കുന്ന വിധത്തിലാണ് സരിതയുടെ പരാതിയിലെ ക്രൈംബ്രാഞ്ചിന്റെ പ്രഹസനാന്വേഷണം.

വാട്‌സ് ആപ്പില്‍ ‘വിവാദ ദൃശ്യം’ പ്രചരിപ്പിച്ച സംഭവത്തില്‍ നടി ആശാ ശരത്തിന്റെ പരാതിയില്‍ രണ്ടാഴ്ചക്കുള്ളില്‍ പ്രതികളെ അറസ്റ്റ് ചെയ്ത് മിടുക്കു കാട്ടിയ കാക്കിപ്പട ഒന്നര വര്‍ഷം മുന്‍പ് നല്‍കിയ സരിതയുടെ പരാതിയില്‍ ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്.

ഇത് സംബന്ധമായ ദുരൂഹത നിലനില്‍ക്കെയാണ് പത്മകുമാര്‍ സോളാര്‍ കമ്മീഷന്‍ വിളിച്ചുവരുത്താന്‍ തയ്യാറാക്കിയ ലിസ്റ്റില്‍ ഇപ്പോള്‍ ഉള്‍പ്പെടാതിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

മുഖ്യമന്ത്രിയെ ഈ മാസം 25നും അതിന് മുന്‍പ് മുന്‍ ജയില്‍ മേധാവി അലക്‌സാണ്ടര്‍ ജേക്കബിനെ 15നും ഇന്റലിജന്‍സ് മേധാവിയും സോളാര്‍ കേസ് നേരത്തെ അന്വേഷിച്ചിരുന്ന എഡിജിപി ഹേമചന്ദ്രനെ 20നും ഡിജിപി സെന്‍കുമാറിനെ 21നുമാണ് സോളാര്‍ കമ്മീഷന്‍ വിസ്തരിക്കുന്നത്.

സത്യം പറയാതിരിക്കാന്‍ സരിതയില്‍ സമ്മര്‍ദ്ദമുണ്ടെന്ന് വ്യക്തമാക്കിയ സോളാര്‍ കമ്മീഷന്‍ ഇങ്ങനെയായാല്‍ അവരെ ഒഴിവാക്കേണ്ടി വരുമെന്ന് അഭിപ്രായപ്പെട്ടതും നിയമവൃത്തങ്ങളില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട്.

എഡിജിപി ഉള്‍പ്പെടെ പല ഉന്നതരുടെയും പേര് പുറത്ത് വരാന്‍ സരിതയുടെ മൊഴി നിര്‍ണ്ണായകമായിരിക്കെ കമ്മീഷന്റെ പ്രതികരണം ഇതിനകം തന്നെ ചര്‍ച്ചയായിട്ടുണ്ട്.

അതേസമയം, പത്മകുമാറിന്റെ കാര്യത്തില്‍ കമ്മീഷന്‍ എടുക്കുന്ന തീരുമാനം എന്താണെന്ന് നോക്കി മറ്റ് കാര്യങ്ങള്‍ ആലോചിക്കുമെന്ന് എഐവൈഎഫ് നേതൃത്വം വ്യക്തമാക്കി.

Top