എ.ഡി.ജി.പി പോയത് ‘ഡി.ജി’ വിളിച്ചിട്ട്, മാധ്യമ നുണകൾ പൊളിച്ചടുക്കി കാക്കി !

ടുവില്‍ ആ സത്യവും ഇപ്പോള്‍ പുറത്തുവന്നു കഴിഞ്ഞു. മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു ശേഖരം കാണാന്‍ എ.ഡി.ജി.പി മനോജ് എബ്രഹാം പോയത് ലോക് നാഥ് ബെഹ്‌റ ആവശ്യപ്പെട്ട പ്രകാരമാണെന്ന് ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചിരിക്കുന്നത് സംസ്ഥാന പൊലീസാണ്. ഡി.ജി.പി അനില്‍കാന്ത് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

മോന്‍സനെതിരായ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റാന്‍ ഐജി ലക്ഷ്മണ ശ്രമിച്ചതായും സത്യവാങ്മൂലത്തില്‍ എടുത്തു പറഞ്ഞിട്ടുണ്ട്. എന്നാല്‍ ആ ശ്രമം തടഞ്ഞതും എഡിജിപി മനോജ് എബ്രഹാമായിരുന്നു. തുടര്‍ന്ന് അദ്ദേഹം ഇതുസംബന്ധമായി ലക്ഷ്മണയോട് വിശദീകരണം ചോദിച്ച കാര്യവും സത്യവാങ്മൂലത്തിലുണ്ട്. വ്യാജ പുരാവസ്തു ശേഖരമാണെന്ന് അറിയാതെ അന്നത്തെ ഡി.ജി.പിയുടെ സമ്മര്‍ദ്ദ പ്രകാരം പോകേണ്ടി വന്ന മനോജ് എബ്രഹാമിനെ ഒരു കാരുണ്യവും നല്‍കാതെയാണ് വാര്‍ത്താ മാധ്യമങ്ങള്‍ കടന്നാക്രമിച്ചിരുന്നത്. ഊരി പിടിച്ച വാളുമായി മനോജ് എബ്രഹാം ബഹ്‌റക്കൊപ്പം നില്‍ക്കുന്ന പടമാണ് ദുരുപയോഗം ചെയ്യപ്പെട്ടിരുന്നത്. ഒരു ഡി.ജി.പി വിളിച്ചാല്‍ അച്ചടക്കമുള്ള കീഴുദ്യോഗസ്ഥര്‍ക്ക് ഒപ്പം പോകേണ്ടി വരുമെന്ന സാമാന്യ ബോധം പോലും നഷ്ടപ്പെട്ട രൂപത്തിലാണ് ചാനലുകള്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ചിരുന്നത്. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത ബുദ്ധിജീവികളും എ.ഡി.ജി.പിയെ കടന്നാക്രമിക്കാനാണ് ശ്രമിച്ചിരുന്നത്.

ഇതിനെല്ലാമുള്ള മറുപടിയാണ് ഇപ്പോള്‍ കോടതിയില്‍ നല്‍കപ്പെട്ടിരിക്കുന്നത്. ഒരു ഫോട്ടോ കിട്ടിയാല്‍ ഉടന്‍ അതിന്റെ യാഥര്‍ത്ഥ്യം എന്താണെന്ന് പോലും പരിശോധിക്കാതെ വാര്‍ത്തകള്‍ പടച്ചുവിടുന്ന മാധ്യമ സംസ്‌ക്കാരം മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. മുന്‍പ് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമൊത്ത് പ്രമുഖ ചാനല്‍ അവതാരകര്‍ നില്‍ക്കുന്ന ഫോട്ടോ ചര്‍ച്ചയാക്കാത്ത മാധ്യമങ്ങളാണ് മോന്‍സന്റെ പുരാവസ്തു കേന്ദ്രത്തില്‍ അബദ്ധത്തില്‍ പെട്ടുപോയ ഒരു ഉദ്യോഗസ്ഥനെ വേട്ടയാടിയിരിക്കുന്നത്. ഇതിനു പിന്നിലെ താല്‍പ്പര്യം എന്തായാലും അത് ഒരിക്കലും നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനമായി കാണാന്‍ കഴിയുകയില്ല.

ഒന്നോ രണ്ടോ ദിവസമല്ല, ഇപ്പോഴും മോന്‍സന്‍ മാവുങ്കല്‍ കേസ് പറയുമ്പോള്‍ ചാനലുകള്‍ ഉയര്‍ത്തിക്കാട്ടുന്നത് ഈ ഫോട്ടോയാണ്. ലോക് നാഥ് ബഹ്‌റ ‘ടിപ്പുവിന്റെ സിംഹാസനത്തില്‍’ ഇരിക്കുന്ന ഭാഗം മാത്രം കാണിച്ചിരുന്നെങ്കില്‍ അതില്‍ ചില ശരികള്‍ ഉണ്ടാകുമായിരുന്നു. എന്നാല്‍ ബഹ്‌റ നിര്‍ബന്ധിച്ചു കൊണ്ടു പോയ എ.ഡി.ജി.പിയെ ഫോക്കസ് ചെയ്യാനാണ് പലരും ഇവിടെ ശ്രമിച്ചിരിക്കുന്നത്. രാഷ്ട്രീയ നിരീക്ഷകന്‍ ജയശങ്കര്‍ അഭിപ്രായപ്പെട്ടതു പോലെ മനോജ് എബ്രഹാമിനെ പോലെ തന്റേടമുള്ള ഒരു ഉദ്യോഗസ്ഥന്‍ വ്യാജ പുരാവസ്തു കേന്ദ്രത്തില്‍ എത്തിയതു തന്നെയാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നത്. അതിനുള്ള ഒരു ഉത്തരം കൂടിയാണ് ഇപ്പോള്‍ ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന സത്യാവാങ്മൂലം. ഇനിയെങ്കിലും ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ മാധ്യമങ്ങളും തയ്യാറാകണം.

കൊച്ചിയില്‍ സൈബര്‍ സമ്മേളനം നടന്ന ഹയാത്ത് ഹോട്ടലില്‍ മോന്‍സന്‍ മാവുങ്കല്‍ പ്രവാസി വനിത അനിതക്കൊപ്പം എത്തിയത് ലോക് നാഥ് ബഹ്‌റയെ കാണുന്നതിനു വേണ്ടിയാണ് എന്നതും അന്വേഷണസംഘം നിലവില്‍ കണ്ടെത്തിയിട്ടുണ്ട്. രണ്ട് ദിവസവും ഹയാത്ത് ഹോട്ടലില്‍ അന്നത്തെ ഡി.ജി.പി തങ്ങിയിരുന്നു. ഇവിടെ വച്ചാണ് എസ്.പി യതീഷ് ചന്ദ്രക്കൊപ്പമുള്ള ഫോട്ടോയും ഇരുവരും എടുത്തിരുന്നത്. ഡി.ജി.പിയുടെ സുഹൃത്തുക്കള്‍ക്കൊപ്പം ഫോട്ടോക്ക് നിന്നു കൊടുത്തതില്‍ യതീഷ് ചന്ദ്രയെയും തെറ്റ് പറയാനാകില്ല. ഉന്നത ബന്ധങ്ങള്‍ ബോധപൂര്‍വ്വം മുതലെടുപ്പിനായാണ് മോന്‍സന്‍ മാവുങ്കല്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യം ക്രൈംബ്രാഞ്ചിനും ഇതിനകം തന്നെ ബോധ്യപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.

(എക്സ്പ്രസ്സ് കേരള മുൻപ് കൊടുത്ത വീഡിയോ കാണുക)

EXPRESS KERALA VIEW

Top