അനുപമയ്ക്ക് യൂട്യൂബില്‍ നിന്ന് 5 ലക്ഷം രൂപയോളം വരുമാനം; ഇത് നിലച്ചതോടെയാണ് കുറ്റകൃത്യത്തില്‍ പങ്കാളിയായത്

കൊല്ലം: കൊല്ലം ഓയൂരില്‍ നിന്നും ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികളിലൊരാളായ അനുപമയ്ക്ക് യൂട്യൂബ് വീഡിയോകളില്‍ നിന്നും ഒരുമാസം അഞ്ച് ലക്ഷം രൂപയോളം വരുമാനം ലഭിച്ചിരുന്നുവന്ന് എഡിജിപി അജിത്കുമാര്‍. കഴിഞ്ഞ ജൂലൈ മാസത്തില്‍ അനുപമക്ക് ഇതില്‍ നിന്നുള്ള വരുമാനം നിലച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അനുപമയും കുറ്റകൃത്യത്തില്‍ പങ്കാളിയായതെന്ന് എഡിജിപി വ്യക്തമാക്കി. തട്ടിക്കൊണ്ടുപോകല്‍ കേസിലെ മുഖ്യപ്രതിയായ പത്മകുമാറും വന്‍ സാമ്പത്തിക ബാധ്യത നേരിട്ടിരുന്നു. അത് മറികടക്കാന്‍ വേണ്ടിയാണ് ഇവര്‍ കുട്ടിയെ തട്ടിയെടുത്ത് മോചനദ്രവ്യം ആവശ്യപ്പെട്ടത്. പത്മകുമാര്‍, ഭാര്യ അനിതകുമാരി, മകള്‍ അനുപമ എന്നിവരാണ് കേസിലെ പ്രധാന പ്രതികള്‍.

5 ലക്ഷം പേരാണ് ‘അനുപമ പത്മന്‍’ എന്ന യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തിരിക്കുന്നത്. 381 വീഡിയോകള്‍ അപ്ലോഡ് ചെയ്ത ചാനലിന് വലിയ ഫോളോവേഴ്‌സാണുള്ളത്. ഇംഗ്ലീഷിലുള്ള വിവരണങ്ങള്‍ക്ക് ലക്ഷക്കണക്കിന് വ്യൂവേഴ്‌സുമുണ്ട്. ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളെയും കുറിച്ചാണ് വീഡിയോകള്‍ ഏറെയും. ഇവരുടെ വൈറല്‍ വീഡിയോകളുടെ റിയാക്ഷന്‍ വീഡിയോയും ഷോര്‍ട്‌സുമാണ് അനുപമ പത്മന്‍’ എന്ന യൂട്യൂബ് ചാനലില്‍ കൂടുതലായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ചാനലില്‍ അവസാനമായി വീഡിയോ പോസ്റ്റ് ചെയ്തത് ഒരു മാസം മുമ്പാണ്. അമേരിക്കന്‍ സെലിബ്രിറ്റി കിം കര്‍ദാഷ്യനെക്കുറിച്ചാണ് വീഡിയോ. കിം കര്‍ദാഷ്യനെ കുറിച്ചുള്ളവയാണ് വീഡിയോകളില്‍ ഏറെയും. നായകളെ ഇഷ്ടപ്പെടുന്ന അനുപമ തന്റെ വളര്‍ത്തുനായകള്‍ക്ക് ഒപ്പമുള്ള വീഡിയോളും യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

Top