ഗവണ്മെന്റ് ഹോസ്പിറ്റലിൽ മതിയായ ചികിത്സ ലഭ്യമല്ല; എം ശിവശങ്കർ സുപ്രീം കോടതിയിൽ

ന്യൂഡൽഹി : സർക്കാർ ആശുപത്രിയിൽ മതിയായ ചികിത്സ ലഭ്യമല്ലെന്നും അതുകൊണ്ടാണ് സ്വകാര്യ ആശുപത്രിയിൽ ചികത്സ വേണമെന്ന് ആവശ്യപ്പെടുന്നതെന്നും ശിവശങ്കറിന്റെ അഭിഭാഷകൻ സുപ്രീം കോടതിയിൽ. ലൈഫ് മിഷന്‍ കേസില്‍ ജാമ്യം തേടിയുള്ള വാദത്തിനിടെയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.

ഇതിനെ ചോദ്യം ചെയ്ത് സുപ്രീംകോടതി രംഗത്തെത്തി. ശിവശങ്കർ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നില്ലേ, എന്നിട്ട് സര്‍ക്കാര്‍ ആശുപത്രി മോശമാണ് എന്നാണോ പറയുന്നതെന്നു കോടതി ചോദിച്ചു.

ജാമ്യ ഹർജി പരിഗണിക്കുന്നതിനിടെ, ശിവശങ്കര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പോകാത്തത് എന്തെന്നു ജസ്റ്റിസ് എം.എം.സുന്ദരേഷ് ആണ് ചോദിച്ചത്. ശിവശങ്കറിന്‍റെ ആരോഗ്യം ക്ഷയിക്കുകയാണെന്നും ചികില്‍സ വേണമെന്നും ശിവശങ്കറിനു വേണ്ടി ഹാജരായ അഭിഭാഷകൻ ജയദീപ് ഗുപ്ത് വാദിച്ചു.

എന്നാല്‍ ശിവശങ്കര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ചികില്‍സ നിരസിച്ചെന്നും കേസില്‍ മറുപടി സമര്‍പ്പിക്കാന്‍ സമയം വേണമെന്നും ഇഡിക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത്ത കോടതിയെ അറിയിക്കുകയായിരുന്നു. ഇഡി എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ രണ്ടാഴ്ച സമയം ചോദിച്ചതോടെ ഓഗസ്റ്റ് രണ്ടിലേക്ക് കേസ് മാറ്റി.

Top