പിവി അന്‍വറിന്റെ അധിക ഭൂമി; ഇഡിയും ആദായ നികുതി വകുപ്പും അന്വേഷിക്കണമെന്ന് ഹര്‍ജി

കൊച്ചി: പിവി അന്‍വര്‍ എംഎല്‍എയുടെ അധിക ഭൂമി സംബന്ധിച്ച കേസ് ഇഡിയും ആദായ നികുതി വരുപ്പും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ആദായ നികുതി വകുപ്പിന് നല്‍കിയ രേഖകളില്‍ എംഎല്‍എ വരുമാനമില്ലെന്നാണ് രേഖപ്പെടുത്തായിരിക്കുന്നത്.

അതേസമയം തെരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രികക്കൊപ്പം നല്‍കിയ സ്വത്ത് വിവരങ്ങളില്‍ 207 ഏക്കര്‍ ഭൂമി കൈവശമുള്ളതായി സത്യപ്രസ്താവന നല്‍കിയത് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. വിവരാകാശ പ്രവര്‍ത്തകനായ മലപ്പുറം സ്വദേശി കെവി ഷാജിയാണ് ഹര്‍ജി നല്‍കിയത്. നേരത്തെ ഇഡിക്കും ആദായ നികുതി വകുപ്പിനും നിവേദനം നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

നേരത്തെ പിവി അന്‍വറും കുടുംബവും അനധികൃതമായി കൈവശം വെച്ച ഭൂമി തിരിച്ചു പിടിക്കണമെന്ന ഉത്തരവില്‍ എന്ത് നടപടി സ്വീകരിച്ചു എന്നറിയാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ആറ് മാസത്തിനകം ഭൂമി തിരിച്ചു പിടിക്കണമെന്ന ഉത്തരവ് നടപ്പാക്കില്ലെന്ന് ആരോപിച്ചുള്ള കോടതിയലക്ഷ്യ ഹര്‍ജിയിലാണ് നടപടി.

Top