കൂട്ടിക്കല്‍ ഉരുള്‍പൊട്ടല്‍ ദുരന്തം: ഒരു മൃതദേഹം കൂടി കണ്ടെത്തി

കോട്ടയം: കൂട്ടിക്കല്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ട ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഒഴുക്കില്‍പെട്ട് കാണാതായ കൊക്കയാര്‍ സ്വദേശിനി ആന്‍സിയുടെതെന്ന് സംശയം. എരുമേലി ചെമ്പത്തുങ്കല്‍ പാലത്തിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. കാഞ്ഞിരപള്ളി ആശുപത്രിയില്‍ എത്തിച്ച് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിലാണ് കൂട്ടിക്കലിലും കൊക്കയാറിലും ഉരുള്‍പൊട്ടിയത്. അപകടത്തില്‍ നിരവധി പേര്‍ മരിച്ചു. ചിലരുടെ മൃതദേഹം കണ്ടെത്തിയിരുന്നില്ല. നിരവധി വീടുകള്‍ നശിച്ചു. ആയിരങ്ങളാണ് കുടിയൊഴിഞ്ഞു പോയത്. കേരളത്തില്‍ കാലവര്‍ഷം തുടരുകയാണെങ്കിലും ശക്തി കുറഞ്ഞത് ആശ്വാസമായിട്ടുണ്ട്.

വെള്ളിയാഴ്ചയുണ്ടായ ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും പീരുമേട് താലൂക്കില്‍ മാത്രം തകര്‍ത്തത് 774 വീടുകള്‍ എന്നാണ് പ്രാഥമിക കണക്ക്. കോടിക്കണക്കിനു രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. നാശനഷ്ടം കൃത്യമായി കണക്കാക്കാന്‍ ഏഴു പ്രത്യേക സംഘങ്ങളെ റവന്യൂ വകുപ്പ് നിയോഗിച്ചിട്ടുണ്ട്.

Top