കാണാതായ കുട്ടികളെ കണ്ടെത്താന്‍ ആധാര്‍ തന്ത്രങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്

ന്യൂഡല്‍ഹി : രാജ്യത്തെ ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ കഴിയുന്ന 30,000 കുട്ടികളുടെ ആധാര്‍ വിവരങ്ങള്‍ ട്രാക്ക് ചൈല്‍ഡ് പോര്‍ട്ടലുമായി ബന്ധപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍.

കുട്ടികളെ കാണാതാകുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് എണ്ണം സംബന്ധിച്ച വിവര ശേഖരണത്തിനായി പുതിയ മാര്‍ഗ്ഗം സ്വീകരിച്ചിരിക്കുന്നത്. ശിശുഭവനുകള്‍ പൊലീസ് സ്‌റ്റേഷനുകള്‍, സംസ്ഥാന സര്‍ക്കാരുകള്‍ തുടങ്ങിയവയെ ഏകോപിപ്പിച്ചുകൊണ്ടാണ് പോര്‍ട്ടല്‍ പ്രവര്‍ത്തിക്കുക.

ഇതുവരെ 30,835 കുട്ടികളുടെ ആധാര്‍ വിവരങ്ങള്‍ ഇത്തരത്തില്‍ ശേഖരിച്ചിട്ടുണ്ട്. രണ്ട് ലക്ഷത്തി അറുപതിനായിരത്തിലധികം കുട്ടികളാണ് രാജ്യത്തെ 9,000 ശിശുക്ഷേമ കേന്ദ്രങ്ങളിലുള്ളത്.

കുട്ടികളുടെ പേരില്‍ ആധാര്‍ കാര്‍ഡ് നടപടികള്‍ നടത്തുമ്പോള്‍ ചിലരുടെ പേരില്‍ നേരത്തെ കാര്‍ഡുകള്‍ എടുത്തിട്ടുള്ളതായി കണ്ടെത്താന്‍ സാധിക്കുന്നു. അങ്ങനെ കണ്ടെത്തുന്ന അക്കൗണ്ടുകളുടെ മേല്‍വിലാസത്തിലൂടെ കുട്ടികളുടെ മാതാപിതാക്കളെ കണ്ടെത്താനും കഴിയുന്നുണ്ട്. സ്ഥാപനങ്ങളില്‍ നിന്ന് കാണാതാകുന്ന കുട്ടികളെ കണ്ടെത്താനും സമാനമായ രീതി വഴി സാധിക്കും. മറ്റേതെങ്കിലും സ്ഥലത്ത് നിന്ന്, കാണാതാകുന്ന കുട്ടികള്‍ ആധാര്‍ എണ്‍റോള്‍മെന്റിന് ശ്രമിച്ചാല്‍ സ്ഥലം കണ്ടെത്താനാകും.

18 പെണ്‍കുട്ടികളെയാണ് അടുത്തിടെ ഒരു ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് കാണാതായത്.

ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം 68,874 കുട്ടികള്‍ 2014 ലും 60,443 പേര്‍ 2015ലും 63,407 കുട്ടികളെ 2016 ലും കാണാതായിട്ടുണ്ട്.

Top