പ്രതിഷേധ ചെലവ് ആം ആദ്മിയുടെ കണക്കിലെഴുതണം; ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനില്‍

പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധങ്ങള്‍ ആം ആദ്മി പാര്‍ട്ടിയാണ് സ്‌പോണ്‍സര്‍ ചെയ്യുന്നതെന്ന് ആരോപിച്ച് ബിജെപി രംഗത്ത്. ഷഹീന്‍ ബാഗിലേത് ഉള്‍പ്പെടെയുള്ള പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ നിന്ന് എഎപിയാണ് പ്രചരണം നയിക്കുന്നത്. ഇക്കാരണത്താല്‍ പ്രതിഷേധങ്ങള്‍ക്കായി വരുന്ന ചെലവുകള്‍ ആം ആദ്മി സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.

പ്രതിഷേധ പ്രകടനങ്ങളുടെ ചെലവുകള്‍ ആം ആദ്മി സ്ഥാനാര്‍ത്ഥികളുടെ ചെലവിനത്തില്‍ ഉള്‍പ്പെടുത്താന്‍ ബിജെപി ഇന്ത്യയുടെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കേന്ദ്രമമന്ത്രിമാരായ ഹര്‍ഷ് വര്‍ദ്ധന്‍, മുക്താര്‍ അബ്ബാസ് നഖ്വി എന്നിവരടങ്ങുന്ന സംഘം ഈ വിഷയത്തില്‍ നടപടി സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതായി ബിജെപി ജനറല്‍ സെക്രട്ടറി ഭൂപേന്ദര്‍ യാദവ് പറഞ്ഞു.

സ്വതന്ത്ര തെരഞ്ഞെടുപ്പ് നിരീക്ഷകനെ നിയോഗിച്ച് തെരഞ്ഞടുപ്പ് ചെലവുകള്‍ പരിശോധിക്കണമെന്നാണ് ബിജെപി സംഘത്തിന്റെ പരാതിയില്‍ വ്യക്തമാക്കുന്നത്. ആരോപണത്തില്‍ ആം ആദ്മി മറുപടി നല്‍കിയിട്ടില്ല. പൊതുപ്രതിഷേധങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്ത് നടപ്പാക്കുന്നതാണ്. ഇത് എഎപിയുടെ തെരഞ്ഞെടുപ്പ് താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും, ബിജെപിയെ ഹനിക്കുന്നതുമാണെന്ന് ബിജെപി പരാതിപ്പെടുന്നു.

വാര്‍ത്താ റിപ്പോര്‍ട്ടുകളും, എഎപി നേതാക്കളുടെ പ്രസ്താവനകളും സഹിതമാണ് കമ്മീഷന് ബിജെപി പരാതി നല്‍കിയിരിക്കുന്നത്. എഎപി നേതാക്കളുടെ പ്രസ്താവനകളെത്തുടര്‍ന്നാണ് ഡല്‍ഹിയില്‍ പ്രതിഷേധങ്ങള്‍ അതിവേഗത്തില്‍ വ്യാപിക്കുന്നതെന്നും ബിജെപി പരാതിപ്പെടുന്നു.

Top