പാകിസ്താന്റെ വ്യാപാര മേഖലയെ ശക്തമാക്കാന്‍ സഹായവുമായി എഡിബി

ഇസ്ലാമാബാദ്: പാകിസ്താന് ഏഷ്യന്‍ ഡെവലെപ്മെന്റ് ബാങ്കിന്റെ സഹായം. 300 മില്യണ്‍ യുഎസ് ഡോളറാണ് പാകിസ്താന് സഹായമായി ലഭിച്ചത്. പാകിസ്ഥാന്റെ വന്‍കിട വ്യാപാര മേഖലയെ ശക്തമാക്കാനും അവയെ തിരിച്ചുകൊണ്ടുവരാനുമാണ് നയപരമായ വായ്പയായി എഡിബി സഹായം നല്‍കിയിരിക്കുന്നത്. കോവിഡ് കാലത്ത് കൂടുതല്‍ പ്രതിസന്ധിയിലായ പാകിസ്താന്‍ നേരത്തെ ജി20 രാജ്യങ്ങളോട് വായ്പാ കാലാവധി നീട്ടി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. 800 മില്യണോളം യുഎസ് ഡോളറാണ് ജി20 രാജ്യങ്ങള്‍ വായ്പാ ഇളവായി പാകിസ്താന് നല്‍കിയത്. വിവിധ രാജ്യങ്ങളില്‍ നിന്ന് 25.4 മില്യണാണ് പാകിസ്താന്‍ കടമെടുത്തത്. എന്നാല്‍ കോവിഡ് വന്നതോടെ പാകിസ്ഥാനെ സംബന്ധിച്ച് ഇത് തിരിച്ചടയ്ക്കുക പ്രയാസമായി. ഫിനാന്‍ഷ്യല്‍ ടാസ്‌ക് ഫോഴ്സ് അടക്കം പാകിസ്താനുള്ള വായ്പകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഏപ്രില്‍ മുതല്‍ പാകിസ്താനടക്കം 76 രാജ്യങ്ങള്‍ കടം തിരിച്ചടയ്ക്കുന്നത് താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കയാണ് ജി20 രാഷ്ട്രങ്ങള്‍. മെയ് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവാണ് തിരിച്ചടവിനുള്ള ഇളവ്. അതേസമയം ഓരോ രാജ്യവും കടാശ്വാസത്തിനായി ഒരു അപേക്ഷ നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. പാകിസ്താനില്‍ കയറ്റുമതിയടക്കം വര്‍ധിപ്പിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. താരിഫ്-നികുതി നയങ്ങളും ഇതോടൊപ്പം കൊണ്ടുവരും. സാമ്പത്തികമായി മെച്ചപ്പെടാനുള്ള പാകിസ്താന്റെ മാര്‍ഗങ്ങളെ പിന്തുണയ്ക്കുകയാണ് എഡിബി.

Top