അദാര്‍ പൂനാവാലയുടെ കൊട്ടാരത്തിന് ആഴ്ചയില്‍ വാടക 50 ലക്ഷം രൂപ

മുംബൈ: ലോകത്തിലെ ഏറ്റവും വലിയ മരുന്ന് കമ്പനിയായ സെറം ഇൻസ്റ്റിറ്റിയൂട്ട് സിഇഒ അദാർ പൂനാവാല ലണ്ടനിൽ ആഡംബര വീട് വാടകയ്ക്ക് എടുക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ആഴ്ചയിൽ 50,000 പൗണ്ടാണ് വാടകയെന്നാണ് വിവരം. ഇത് ഏകദേശം അൻപത് ലക്ഷം രൂപയോളം വരും. വസ്തുകൈമാറ്റ ഇടപാടിനെ കുറിച്ചറിയുന്ന ചില വ്യക്തികൾ നൽകിയ വിവരങ്ങളാണ് ഇപ്പോൾ വിദേശ മാദ്ധ്യമങ്ങളിലടക്കം ചർച്ചയാവുന്നത്.

പോളിഷ് കോടീശ്വരിയായ ഡൊമിനിക കുൽചെക്കിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് പൂനാവാല വാടകയ്‌ക്കെടുക്കുന്നതെന്നാണ് റിപ്പോർട്ട്. കുൽചെക്കിന്റെ ഉടമസ്ഥതയിലുള്ള ഈ കെട്ടിടം മേയ്ഫയറിലെ ഏറ്റവും വലിയ ബംഗ്ലാവുകളിൽ ഒന്നാണ്. 25000 അടി ചതുരശ്ര അടി വിസ്തൃതിയിലുള്ള കെട്ടിടം ഏകദേശം 24 വീടുകൾ ഒരുമിച്ച് ചേരുന്ന വലിപ്പത്തിന് തുല്യമാണെന്നാണ് വിവരം.

ബംഗ്ലാവിന് സമീപം അതിഥി മന്ദിരവും രഹസ്യ ‌ഉദ്യാനവും ഉണ്ട്. ലണ്ടനിലെ വെസ്റ്റ് മിൻസ്റ്റർ യൂണിവേഴ്‌സിറ്റിയിലെ പൂർവ്വ വിദ്യാർത്ഥിയായ അദാർ പൂനാവാലയ്ക്ക് ബ്രിട്ടനുമായി അടുത്ത ബന്ധമാണുള്ളത്. രണ്ടാമതൊരു വീട് ബ്രിട്ടണിൽ വേണമെന്ന് ആഗ്രഹിക്കുന്നതായി 2016ൽ മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പൂനാവാല വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം വിഷയത്തെ കുറിച്ച് പൂനാവാലയോ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വക്താക്കളോ പ്രതികരിച്ചിട്ടില്ല. തികച്ചും രഹസ്യമായ കരാർ ആണിതെന്നും അതിനാൽ കൂടുതൽ വിവരങ്ങൾ നൽകാനാകില്ലെന്നുമാണ് ഇതെക്കുറിച്ച് സൂചന നൽകിയവരും വെളിപ്പെടുത്തിയത്.

Top