അഡാര്‍ ലൗവിലെ ഗാനവുമായി ബന്ധപ്പെട്ട വിവാദം വേദനിപ്പിക്കുന്നതാണെന്ന് ഒമര്‍ ലുലു

omar lulu

തിരുവനന്തപുരം: ഒരു അഡാര്‍ ലൗവിലെ ഗാനവുമായി ബന്ധപ്പെട്ട കേസ് നിയമപരമായി നേരിടുമെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലു. ഗാനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന വിവാദം വേദനിപ്പിക്കുന്നതാണ്. ഗാനത്തില്‍ പ്രവാചക നിന്ദയോ മോശമായ പ്രയോഗങ്ങളോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ചിത്രത്തിലെ പാട്ട് മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ച് ഹൈദരാബാദിലെ ഫറൂഖ് നഗറിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ നല്‍കിയ പരാതിയിലാണ് ഒമര്‍ ലുലുവിനെതിരെ കേസെടുത്തിരിക്കുന്നത്.

ഹൈദരാബാദ് ഫലഖ്‌നമ പൊലീസാണ് ഒമര്‍ ലുലുവിനെതിരെ കേസ് എടുത്തത്. ഹൈദരാബാദ് യൂത്ത് എന്ന സംഘടനയാണ് പരാതി നല്‍കിയതെന്നാണ് വിവരം.

ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന് തുടങ്ങുന്ന മാപ്പിളപ്പാട്ട് ഇംഗ്ലീഷിലേക്ക് മൊഴി മാറ്റുമ്പോള്‍ അത് മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്നതാണെന്നാണ് പരാതിക്കാരുടെ അവകാശവാദം. ഇത് ചൂണ്ടിക്കാട്ടിയാണ് യുവാക്കള്‍ പരാതി നല്‍കിയത്.

Top