മലക്കം മറിഞ്ഞ് സിനിമാക്കാര്‍, വിവാദ ഗാനം പിന്‍വലിക്കില്ലെന്ന് പ്രഖ്യാപനം !

കൊച്ചി: ഒരു അഡാര്‍ ലൗവ് എന്ന ചിത്രത്തിലെ വിവാദ ഗാനം പിന്‍വലിക്കുമെന്ന തീരുമാനം മാറ്റിയെന്ന് സംവിധായകന്‍ ഒമര്‍ ലുലു. ഗാനത്തിനുള്ള പിന്തുണ കണ്ടാണ് തീരുമാനം മാറ്റിയതെന്ന് സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.ഗാനം വിവാദമായ പശ്ചാത്തലത്തില്‍ യൂ ട്യൂബില്‍ നിന്നും പിന്‍വലിക്കുമെന്ന് സംവിധായകന്‍ ഒമര്‍ ലുലു അറിയിച്ചിരുന്നു.

ചിത്രത്തിലെ ഈ ഗാനം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ഇസ്ലാം മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് ചിലര്‍ ഹൈദരാബാദ് പൊലീസില്‍ പരാതി നല്‍കുകയും സംവിധായകന്‍ ഒമര്‍ ലുലുവടക്കമുള്ളവര്‍ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ഗാനം പിന്‍വലിക്കാന്‍ ആദ്യം തീരുമാനിച്ചത്.

പാട്ട് യു ട്യൂബില്‍നിന്നു തത്ക്കാലം നീക്കില്ലെന്നും സിനിമയില്‍ ഒഴിവാക്കണോ എന്നതു സംബന്ധിച്ചും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ വ്യക്തമാക്കി.

മാണിക്യമലരായ പൂവി എന്നുതുടങ്ങുന്ന മാപ്പിളപ്പാട്ടു നബിയെ അധിക്ഷേപിക്കുന്നതാണെന്ന് ഒരുവിഭാഗത്തിന്റെ ആരോപണം. പാട്ട് ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തുമ്പോള്‍ അര്‍ഥം മാറുന്നുവെന്നും പരാതിയുണ്ട്. അതേസമയം ഇത്തരം ആരോപണങ്ങളില്‍ കഴമ്പില്ലെന്നും വര്‍ഷങ്ങളായി കേരളത്തിലെ മുസ്‌ലിമുകള്‍ പാടി വരുന്ന പാട്ടാണിതെന്നുമാണു സിനിമയുടെ അണിയറക്കാര്‍ വ്യക്തമാക്കുന്നത്.

Top