ഭക്ഷ്യ എണ്ണയുടെ വില കുറച്ച് അദാനി വിൽമർ

ഡൽഹി: രാജ്യത്ത് ഭക്ഷ്യ എണ്ണയുടെ വില അദാനി വിൽമർ കമ്പനി കുറച്ചു. വിലക്കയറ്റത്തിന്റെ ഭാരം കുറയ്ക്കാൻ ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവ കേന്ദ്രസർക്കാർ ഇളവ് ചെയ്തതിന് പിന്നാലെയാണ് അദാനി വിൽമർ വിലകുറച്ചത്. ഒരു ലിറ്റർ എണ്ണയുടെ വില പത്തു രൂപയാണ് കുറച്ചത്. ഫോർച്ച്യൂൺ ബ്രാൻഡ് സൺഫ്ലവർ ഓയിലിന് ഒരു ലിറ്ററിന് 220 രൂപയായിരുന്നത് ഇതോടെ 210 രൂപയായി കുറഞ്ഞു.

ഫോർച്ച്യൂൺ കടുകെണ്ണയുടെ വില 205 രൂപ ആയിരുന്നത് 195 രൂപയായി കുറച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ നികുതിയിളവ് ചെയ്തതിന്റെ ഗുണഫലം ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനു വേണ്ടിയാണ് വില കുറച്ചത് എന്നാണ് അദാനി വിൽമർ കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. വില കുറച്ചതോടെ ഉപഭോഗവും വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനിയുടെ മാനേജിങ് ഡയറക്ടർ അങ്ഷു മാലിക് പറഞ്ഞു.

Top