അദാനി ഓഹരികളിൽ ഇടിവ് തുടരുന്നു: നിക്ഷേപകർക്ക് നഷ്ടം അഞ്ച് ലക്ഷം കോടി

മൂന്നാം ദിവസവും തകർച്ച നേരിട്ടതോടെ അദാനി ഓഹരികളുടെ വിപണി മൂല്യത്തിൽ അഞ്ച് ലക്ഷം കോടി രൂപ നഷ്ടമായി. അതേസമയം, പത്ത് ഓഹരികളിൽ മൂന്നെണ്ണം നേട്ടത്തിലേയ്ക്ക് തിരിച്ചെത്തുകയും ചെയ്തു. അദാനി ഗ്രീൻ എനർജി(17.35ശതമാനം), അദാനി ട്രാൻസ് മിഷൻ(20ശതമാനം), അദാനി ടോട്ടൽ ഗ്യാസ് (20ശതമാനം), അദാനി പവർ(5ശതമാനം), എൻഡിടിവി(4.99ശതമാനം), അദാനി വിൽമർ(5ശതമാനം), എസിസി(17.38ശതമാനം) എന്നീ ഓഹരികളാണ് തിങ്കളാഴ്ചയും നഷ്ടത്തിലായത്. അദാനി ടോട്ടൽ ഗ്യാസ്, അദാനി ഗ്രീൻ എനർജി, അദാനി ട്രാൻസ് മിഷൻ എന്നീ ഓഹരികളിൽ കനത്ത തകർച്ച തുടരുകയാണ്.

എന്നാൽ, രണ്ടു ദിവസത്തെ തിരിച്ചടിയ്ക്കു ശേഷം അദാനി എന്റർപ്രൈസസ്(4.30ശതമാനം), അദാനി പോർട്‌സ് (1.88ശതമാനം), അംബുജ സിമന്റ്‌സ്(4.23ശതമാനം) എന്നീ ഓഹരികൾ നേട്ടത്തിലേയ്ക്ക് തിരിച്ചെത്തി.

അദാനി ട്രാൻസ്മിഷന്റെയും അദാനി ഗ്രീനിന്റെയും ഓഹരി വില 52 ആഴ്ചയിലെ താഴ്ന്ന നിലവാരത്തിലെത്തി. യഥാക്രമം 1,625, 1,202 എന്നീ നിലവാരത്തിലാണ് ഈ ഓഹരികളിൽ വ്യാപാരം നടക്കുന്നത്. ഇതോടെ മൂന്ന് വ്യാപാര ദിനങ്ങളിലായി വിപണി മൂല്യത്തിൽ 5.17 ലക്ഷം കോടി രൂപയാണ് നഷ്ടമുണ്ടായത്. തിങ്കളാഴ്ച മാത്രം നിക്ഷേപകർക്ക് ഒരു ലക്ഷം കോടി രൂപയുടെയും.

Top