അദാനി-ഹിൻഡൻബർഗ്: വിദഗ്ദ് സമിതിയിൽ സുപ്രീംകോടതി വിധി ഇന്ന്

ഡൽഹി: അദാനി ഗ്രൂപ്പിന്റെ ഓഹരികളെ വൻ തകർച്ചയിലേക്ക് നയിച്ച ഹിൻഡൻബർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹർജികളിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ഹിൻഡൻബ‌ർഗ് റിപ്പോർട്ടിനെ തുടർന്നുണ്ടായ അദാനി ഗ്രൂപ്പിന്റെ ഓഹരി തകർച്ച അന്വേഷിക്കാനും, നിക്ഷേപ മേഖലയിലെ നിയന്ത്രണച്ചട്ടങ്ങൾ ശക്തമാക്കാൻ പരിഹാര നിർദേശങ്ങൾ തയാറാക്കാനുമുളള വിദഗ്ദ്ധ സമിതിയെയും സുപ്രീംകോടതി ഇന്ന് പ്രഖ്യാപിക്കും. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആണ് ഉത്തരവ് പുറപ്പെടുവിക്കുക.

ഹിൻഡൻബർഗ് റിപ്പോർട്ടിൽ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകരായ എം എൽ ശർമ, വിശാൽ തിവാരി, കോൺഗ്രസ് നേതാവ് ജയ താക്കൂർ, മുകേഷ് കുമാർ എന്നിവർ സമർപ്പിച്ച പൊതുതാത്പര്യ ഹർജികളാണ് സുപ്രീംകോടതി പരിഗണിച്ചത്. ഫെബ്രുവരി 17 ഹർജികളിൽ വാദം പുർത്തിയാക്കിയിരുന്നു. ഹർജികളിലുള്ള ഉത്തരവിറക്കാനായി ഫെബ്രുവരി 20ന് കോടതി മാറ്റിവെച്ചിരുന്നു. സമിതിക്ക് നേതൃത്വം നൽകുന്ന വിരമിച്ച സുപ്രീം കോടതി ജഡ്ജിയെയും മറ്റു അംഗങ്ങളെയും കോടതി പ്രഖ്യാപിക്കും.

Top