അദാനി ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്: അന്വേഷിക്കാന്‍ ആറുമാസം കൂടി വേണമെന്ന സെബിയുടെ ആവശ്യം സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: അദാനി ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി. അന്വേഷണത്തിന് ആറു മാസം കൂടി വേണമെന്ന സെബി(സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്‌ചേഞ്ച് ബോര്‍ഡ്) യുടെ ആവശ്യം പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പ്രതികരണം. അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നുമാസം കൂടി അനുവദിക്കാമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഓഹരി വിപണിയില്‍ കൃത്രിമം നടത്തിയെന്നത് ഉള്‍പ്പടെ ഗുരുതര ചട്ടലംഘനങ്ങളാണ് അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലുള്ളത്. അദാനി ഗ്രൂപ്പിന്റേത് സങ്കീര്‍ണ ഇടപാടുകളാണെന്നും സമഗ്ര അന്വേഷണം വേണമെന്നുമാണ് സെബി കോടതിയില്‍ അറിയിച്ചത്. ദേശീയ, രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ മുഖേന നടന്ന ഇടപാടുകള്‍ പരിശോധിക്കണം. പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുളള ഇടപാടുകള്‍ വരെയുണ്ട്. അതിനാല്‍ പരിശോധനയ്ക്ക് കൂടുതല്‍ സമയമെടുക്കുമെന്നായിരുന്നു സെബിയുടെ നിലപാട്. എന്നാല്‍ സെബിയുടെ ആവശ്യം കോടതി തളളുകയായിരുന്നു.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പാര്‍ഡിവാല എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മെയ് 15ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ സമയപരിധി സംബന്ധിച്ച് തീര്‍പ്പുണ്ടാകും. അതേസമയം അദാനി ഗ്രൂപ്പുമായോ മറ്റു കമ്പനികളുമായോ ബന്ധപ്പെട്ട് ഓഹരി വിപണിയില്‍ നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാന്‍ രൂപീകരിച്ച വിദഗ്ധ സമിതി, സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് കൈമാറി. റിട്ടയേര്‍ഡ് സുപ്രീംകോടതി ജഡ്ജി എ എം സാപ്രെ അദ്ധ്യക്ഷനായ ആറംഗ വിദഗ്ദ്ധ സമിതിയാണ് മുദ്രവച്ച കവറില്‍ സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Top