‘ദി വയർ’ മാധ്യമസ്ഥാപനത്തിനെതിരായ എല്ലാ മാനനഷ്ടക്കേസുകളും അദാനി ഗ്രൂപ്പ് പിൻവലിക്കുന്നു

അഹമ്മദാബാദ്: ഇംഗ്ലീഷ് ഓണ്‍ലൈന്‍ പോര്‍ട്ടലായ ദി വയര്‍ മാധ്യമസ്ഥാപനത്തിനെതിരായ എല്ലാ കേസുകളും അദാനി ഗ്രൂപ്പ് പിന്‍വലിക്കുന്നു. ദി വയര്‍ പ്രസിദ്ധീകരിച്ച നിരവധി വാര്‍ത്തകള്‍ക്കെതിരെ അദാനി ഗ്രൂപ്പിന് കീഴിലുള്ള കമ്പനികള്‍ വിവിധ കോടതികളില്‍ മാനനഷ്ട കേസുകള്‍ നല്‍കിയിരുന്നു.

ദി വയറിന്റെ എഡിറ്റര്‍മാര്‍ക്കെതിരെ സമര്‍പ്പിച്ച മാനനഷ്ട കേസുകളും പിന്‍വലിക്കാന്‍ തീരുമാനമായി. മഹാരാഷ്ട്രയില്‍ പ്രവര്‍ത്തിക്കുന്ന അദാനി പവര്‍ മഹാരാഷ്ട്ര ലിമിറ്റഡ് രണ്ട് മാനനഷ്ട കേസുകളാണ് സമര്‍പ്പിച്ചത്. അദാനി പെട്രോനെറ്റ് പോര്‍ട് ദഹേജ് ലിമിറ്റഡ് ഒരു മാനനഷ്ട ഹര്‍ജിയും സമര്‍പ്പിച്ചിരുന്നു. വയറിന്റെ മുന്‍ എഡിറ്റര്‍മാരായ സിദ്ധാര്‍ത്ഥ് വരദരാജന്‍, എംകെ വേണു എന്നിവര്‍ക്കെതിരെയും സിദ്ധാര്‍ത്ഥ് ഭാട്ടിയ, മോനോബിന ഗുപ്ത, പമേല ഫിലിപ്പോസ്, നൂര്‍ മുഹമ്മദ് എന്നിവര്‍ക്കെതിരെയും മാനനഷ്ട കേസുകള്‍ സമര്‍പ്പിച്ചിരുന്നു.

ഹര്‍ജികള്‍ പിന്‍വലിക്കാന്‍ അദാനി ഗ്രൂപ്പ് തീരുമാനിച്ച കാര്യം ശരിയാണെന്നും ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഇതിനോട് പ്രതികരിക്കാമെന്നും സിദ്ധാര്‍ത്ഥ് വരദരാജന്‍ വ്യക്തമാക്കി.

റഫാല്‍ ഇടപാടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും നാഷണല്‍ ഹെറാള്‍ഡ് പത്രത്തിനെതിരെയും അനില്‍ അംബാനി നല്‍കിയ മാന നഷ്ടകേസ് പിന്‍വലിച്ചത് വലിയ വാര്‍ത്തയായിരുന്നു. അയ്യായിരം കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അഹമ്മദാബാദ് കോടതിയിലാണ് അനില്‍ അംബാനി മാന നഷ്ടകേസ് നല്‍കിയിരുന്നത്.

Top