പ്രവീൺ തൊഗാഡിയയുടെ വഴിയേ സ്വാമിയും, മോദിയുടെ ഇഷ്ടക്കാരന് കിട്ടി ‘എട്ടിന്റെ പണി’

Subramanian Swamy

ന്യൂഡല്‍ഹി: പുറത്തുള്ള ശത്രുവിനേക്കാള്‍ സംഘപരിവാറിന് അകത്തുള്ളവരാണ് ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായുടെയും പ്രധാന ശത്രു.

വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയയും മോദിയും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കെ പുതിയ ഒരു ‘ശത്രു’ കൂടി ഇപ്പോള്‍ ഉദയം ചെയ്തിരിക്കുകയാണ്. ബി.ജെ.പി രാജ്യസഭാംഗം സുബ്രഹ്മണ്യന്‍ സ്വാമി !

ആര്‍.എസ്.എസ് ശുപാര്‍ശയില്‍ ബി.ജെ.പി രാജ്യസഭാംഗമാക്കിയ സ്വാമി ഇതിന് മുന്‍പും മോദി സര്‍ക്കാറിന് തലവേദന ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഇപ്പോള്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമായിരിക്കുകയാണ്.

പ്രധാനമന്ത്രിയുടെ അടുത്ത സുഹൃത്തായി അറിയപ്പെടുന്ന പ്രമുഖ വ്യവസായി ഗൗതം അദാനിയെ ലക്ഷ്യമിട്ട് സ്വാമി നടത്തിയ ആരോപണം ബി.ജെ.പി നേതാക്കളെയാകെ ഞെട്ടിച്ചിരിക്കുകയാണ്.

വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങി നടക്കുന്നതില്‍ വിദഗ്ദനാണ് അദാനിയെന്ന് ട്വിറ്ററില്‍ സുബ്രഹ്മണ്യന്‍ സ്വാമി അഭിപ്രായപ്പെട്ടതോടെ ഓഹരി വിപണിയില്‍ ഒറ്റയടിക്ക് 9000 കോടിയാണ് അദാനി ഗ്രൂപ്പിന് നഷ്ടമായത്.

സമൂഹമാധ്യമമായ ട്വിറ്ററില്‍ സ്വാമി നടത്തിയ അഭിപ്രായപ്രകടനത്തിലൂടെ അദാനി ഗ്രൂപ്പിന്റെ കമ്പനികള്‍ക്ക് ഓഹരിവിപണിയില്‍ എട്ടു ശതമാനം ഇടിവു രേഖപ്പെടുത്തി.
adani
കടം തിരിച്ചടയ്ക്കാതെ രക്ഷപ്പെട്ടു നടക്കുന്ന ‘ട്രപ്പീസ് കളിക്കാരനാ’ണ് അദാനിയെന്നായിരുന്നു സ്വാമിയുടെ ട്വീറ്റ്. അദാനിയില്‍നിന്ന് കിട്ടാനുള്ള കടത്തിന്റെ കണക്ക് പൊതുതാല്‍പ്പര്യാര്‍ഥം ഇനിയെങ്കിലും പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കിട്ടാക്കടത്തിന്റെ പേരില്‍ ആരും അദാനിയെ ചോദ്യം ചെയ്യുന്നില്ല. കേന്ദ്രവുമായി അടുത്തയാളാണെന്ന പ്രതീതി സൃഷ്ടിക്കുന്നതിലൂടെ സര്‍ക്കാരിനും അദാനി മാനക്കേടുണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ചയാണ് അദാനിക്കെതിരെ സ്വാമിയുടെ ട്വീറ്റ് വന്നത്.

ഇതിനു പിന്നാലെ ബുധനാഴ്ച ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ അദാനി ട്രാന്‍സ്മിഷന്‍ 7.72% ഇടിഞ്ഞ് 179.85ലാണ് ക്ലോസ് ചെയ്തത്. അദാനി എന്റര്‍പ്രൈസസ് 7.24% ഇടിഞ്ഞ് 172.40ല്‍ ക്ലോസ് ചെയ്തു. അദാനി പോര്‍ട്‌സ് ആന്‍ഡ് എസ്ഇസെഡ് 6.53% ഇടിഞ്ഞ് 377.45ലും അദാനി പവര്‍ 6.6% ഇടിഞ്ഞ് 27.60ലുമാണ് ക്ലോസ് ചെയ്തത്. ആകെ 9300 കോടി രൂപയുടെ നഷ്ടമാണ് അദാനി ഗ്രൂപ്പിന് ഉണ്ടായിരിക്കുന്നത്.

ഭരണപക്ഷ എം.പി തന്നെ പരസ്യമായി ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയതാണ് വിപണിയിലെ തകര്‍ച്ചക്ക് കാരണമായത്. ആദ്യമായി ഒരു ബി.ജെ.പി എം.പിയുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം ബിസിനസ്സ് മേഖലയെ മാത്രമല്ല രാഷ്ട്രീയ നേതൃത്വങ്ങളെയും ഞെട്ടിച്ചിരിക്കുകയാണ്.

അദാനിക്കെതിരായ ആരോപണത്തിലൂടെ പ്രധാനമന്ത്രിയെ പ്രതിരോധത്തിലാക്കുകയാണ് സുബ്രഹ്മണ്യന്‍ സ്വാമി ചെയ്തതെന്നാണ് ബി.ജെ.പി നേതാക്കള്‍ക്കിടയിലെ അഭിപ്രായം.

സ്വാമിയെ നിലക്ക് നിര്‍ത്തണമെന്ന ആവശ്യം പാര്‍ട്ടിക്കകത്ത് ശക്തമായി കഴിഞ്ഞു. ആര്‍.എസ്.എസ് നേതൃത്വത്തെ ഇടപെടുവിച്ച് കടുത്ത നടപടിയിലേക്ക് പോകണം എന്നുവരെ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ അഭിപ്രായമുണ്ട്.
thogadiya
വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വര്‍ക്കിങ്ങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയക്ക് പിന്നാലെ സുബ്രമണ്യന്‍ സ്വാമി മാത്രമാണ് പരിവാറിന് അകത്ത് നിന്ന് ബി.ജെ.പിക്ക് തലവേദനയുണ്ടാക്കുന്നത്.

തൊഗാഡിയയുടെ വാഹനത്തിന് പിന്നില്‍ കഴിഞ്ഞ ദിവസം ഒരു ട്രക്ക് ഇടിച്ചത് അദ്ദേഹത്തിന് എതിരായ വധശ്രമമായി ആരോപണമുയര്‍ന്നിരുന്നു.

ആര്‍.എസ്.എസ് ഇടപെട്ടിട്ട് പോലും തൊഗാഡിയയെ വിശ്വഹിന്ദു പരിക്ഷത്തിന്റെ തലപ്പത്ത് നിന്നും മാറ്റാന്‍ കഴിയാത്ത വലിയ പ്രതിസന്ധിയാണ് സംഘ പരിവാര്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്.

ലോക് സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്വന്തം പാളയത്തില്‍ നിന്ന് തൊഗാഡിയയും സുബ്രഹ്മണ്യന്‍ സ്വാമിയും സ്വീകരിക്കുന്ന നിലപാടുകള്‍ പ്രതിപക്ഷത്തിന് സഹായകരമാകുമെന്നതിനാല്‍ ഉടന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന നിലപാടിലാണ് ബി.ജെ.പിയിലെ പ്രബല വിഭാഗം.

ഇക്കാര്യത്തിന് വീണ്ടും ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായും ആശയവിനിമയം നടത്തുമെന്നാണ് സൂചന.Related posts

Back to top