ഇന്ത്യയിലെ ഏറ്റവും മൂല്യമുളള 50 കമ്പനികളുടെ പട്ടികയിൽ അദാനി എന്റർപ്രൈസസും

മുംബൈ: ഇന്ത്യയിലെ ഏറ്റവും മൂല്യമുളള 50 കമ്പനികളുടെ പട്ടികയിൽ ഇടം നേടി അദാനി എന്റർപ്രൈസസ്. കമ്പനിയുടെ ഓഹരി വില 9 ശതമാനം ഉയർന്ന് 719 രൂപയായതിനെ തുടർന്നാണ് കമ്പനിയുടെ ഈ നേട്ടം. ബി എസ് ഇയിലെ ഇൻട്രാ ഡേ ട്രേഡിലായിരുന്നു കമ്പനിയുടെ മുന്നേറ്റം.

ഉച്ചയ്ക്ക് 02:44 ന് 718 രൂപയിൽ വ്യാപാരം നടത്തിയ അദാനി എന്റർപ്രൈസസ് 78,554 കോടി രൂപയുടെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ (എം-ക്യാപ്) രേഖപ്പെടുത്തി. ബിഎസ്ഇ ഡാറ്റ പ്രകാരം മൊത്തത്തിലുള്ള റാങ്കിംഗിൽ 49-ാം സ്ഥാനത്താണ് കമ്പനി. മാർക്കറ്റ് ക്യാപ് റാങ്കിംഗിൽ 55-ാം സ്ഥാനത്തുമാണ്.

അദാനി ഗ്രൂപ്പിന്റെ മുൻനിര കമ്പനിയാണ് അദാനി എന്റർപ്രൈസസ്. എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ (AAI) നിന്ന് 50 വർഷത്തേക്ക് അഹമ്മദാബാദ്, ലഖ്‍നൗ, മംഗളുരു, ജയ്പൂർ, ഗുവാഹത്തി, തിരുവനന്തപുരം എന്നീ ആറ് വിമാനത്താവളങ്ങൾ നവീകരിക്കാനും പ്രവർത്തിപ്പിക്കാനുമുള്ള അധികാരം അദാനി എന്റർപ്രൈസസിന്റെ അനുബന്ധ സ്ഥാപനമായ അദാനി എയർപോർട്ടുകൾ നേടിയെടുത്തിരുന്നു. ഇതിൽ 2020 ൽ അഹമ്മദാബാദ്, ലഖ്‍നൗ, മംഗളുരു എന്നിവയുടെ പ്രവർത്തനങ്ങൾ കമ്പനി ഏറ്റെടുത്തു.

Top