അദാനി ഡിഫന്‍സ് നാവികസേനയ്ക്ക് വേണ്ടി നിര്‍മിച്ച ‘ദൃഷ്ടി 10 സ്റ്റാര്‍ലൈനര്‍’ ഫ്‌ളാഗ് ഓഫ് ചെയ്തു

ഹൈദരാബാദ്: നാവികസേനയ്ക്ക് വേണ്ടി ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ച ആളില്ലാ വിമാനം ദൃഷ്ടി 10 സ്റ്റാര്‍ലൈനര്‍ നേവല്‍ സ്റ്റാഫ് ചീഫ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. അദാനി എയറോസ്‌പേസ് പാര്‍ക്കിലായിരുന്നു ചടങ്ങ്. അദാനി ഡിഫന്‍സ് ആന്റ് എയറോ സ്പേസ് ആണ് ഇത് നിര്‍മിച്ചത്.

450 കിലോഗ്രാം ഭാരം വഹിക്കാന്‍ ശേഷിയുള്ള ദൃഷ്ടി 10 സ്റ്റാര്‍ലൈനര്‍ വിമാനം ഒരു അത്യാധുനിക നിരീക്ഷണ സംവിധാനമാണ്. 36 മണിക്കൂര്‍ പ്രവര്‍ത്തന ക്ഷമതയുണ്ട്. സ്റ്റാനാഗ് 4671 അംഗീകാരമുള്ള എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്നതും വേര്‍തിരിച്ചതും വേര്‍തിരിക്കാത്തതുമായ വ്യോമാര്‍തിര്‍ത്തികളില്‍ ഉപയോഗിക്കാനാവുന്നതുമാണ്.

രണ്ട് ദശാബ്ദക്കാലമായി ഇന്ത്യന്‍ നാവികസേന ആളില്ലാ വിമാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ദൃഷ്ടി 10 നെ പോലുള്ള ഡ്രോണുകളുടെ തദ്ദേശീയവത്കരണം തദ്ദേശീയമായി അത്തരം കഴിവുകള്‍ ആര്‍ജിക്കാന്‍ നമ്മളെ പ്രാപ്തമാക്കുന്നു. രഹസ്യാന്വേഷണം, സുരക്ഷാ നിരീക്ഷണം, യുദ്ധരംഗ പരിശോധന തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഇത് ഉപയോഗിക്കാനാവുമെന്നും അഡ്മിറല്‍ ആര്‍ ഹരികുമാര്‍ പറഞ്ഞു.

ഐഎസ്ആര്‍ സാങ്കേതികവിദ്യയിലും (ഇന്റലിജന്‍സ്, സര്‍വെയിലന്‍സ്, റിക്കനൈസന്‍സ്) സമുദ്ര മേധാവിത്വത്തിലും സ്വാശ്രയത്വത്തിനായുള്ള ഇന്ത്യയുടെ അന്വേഷണങ്ങളില്‍ സുപ്രധാനമായ ഒരു അവസരവും പരിവര്‍ത്തന ശേഷിയുള്ള ചുവടുവെപ്പുമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങളായി ദൃഷ്ടി 10 ന് വേണ്ടി പ്രവര്‍ത്തിച്ച അദാനി ഗ്രൂപ്പിന്റെ പ്രതിബദ്ധതയെ അദ്ദേഹം പ്രശംസിച്ചു. ദൃഷ്ടി 10 എത്തുന്നതോടെ നാവികസേനയുടെ കഴിവുകള്‍ വര്‍ധിക്കുമെന്നും സമുദ്ര രഹസ്യ നിരീക്ഷണത്തിനും സുരക്ഷാ നിരീക്ഷണത്തിനുമുള്ള നമ്മുടെ കഴിവുകള്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാവിക സേനയ്ക്ക് കൈമാറിയ വിമാനം ഹൈദരാബാദില്‍ നിന്ന് ഗുജറാത്തിലെ പോര്‍ബന്ദറിലേക്ക് കൊണ്ടുപോവും.

Top