അദാനി വിവാദം; സെബി സമിതിയോട് അന്വേഷണത്തിൽ സഹകരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം

ദില്ലി: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ ആറംഗ വിദഗ്ധ സമിതിയെ നിയോഗിച്ച് സുപ്രീംകോടതി. മുന്‍ സുപ്രീംകോടതി ജഡ്ജി അഭയ് മനോഹര്‍ സാപ്രേ അധ്യക്ഷനായ ആറംഗസമിതി രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. സെബിയുടെ അന്വേഷണ പരിധി വിപുലീകരിച്ച കോടതി വിദഗ്ധ സമിതിയോട് സഹകരിക്കാനും നിര്‍ദ്ദേശിച്ചു.

ജസ്റ്റിസ് അഭയ് മനോഹര്‍ സാപ്രേയുടെ നേതൃത്വത്തിലുള്ള സമിതിയിൽ മുന്‍ എസ്ബിഐ ചെയര്‍മാന്‍ ഒപി ഭട്ട്, റിട്ട ജഡ്ജി ജെപി ദേവ് ധര്‍, ബാങ്കിംഗ് വിദഗ്ധന്‍ കെ വി കാമത്ത്, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നന്ദന്‍ നിലേകനി, സാമ്പത്തിക വിദഗ്ധനും അഭിഭാഷകനുമായ സോമശേഖരന്‍ സുന്ദരേശന്‍ തുടങ്ങിയവരാണ് അംഗങ്ങള്‍. നാല് കാര്യങ്ങളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് വിദഗ്ധ സമിതിയോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അദാനി ഗ്രൂപ്പിലോ മറ്റ് കമ്പനികളിലോ ആരോപിക്കപ്പെട്ട നിയമലംഘനങ്ങള്‍ തടയുന്നതില്‍ നിയന്ത്രണ സംവിധാനങ്ങള്‍ക്ക് പരാജയം സംഭവിച്ചോ? സമീപകാലത്ത് ഓഹരി വിപണിയിലുണ്ടായ ചാഞ്ചാട്ടത്തിന്റെ കാരണം വിലയിരുത്തുക. നിലവിലെ റഗുലേറ്ററി സംവിധാനങ്ങള്‍ ശക്തമാക്കുന്നതിനുള്ള നടപടികള്‍ നിര്‍ദ്ദേശിക്കുക, നിക്ഷേപകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അവബോധം ശക്തമാക്കുന്നതിനമുള്ള നടപടികള്‍ നിര്‍ദ്ദേശിക്കുക തുടങ്ങിയ കാര്യങ്ങളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി വിദഗ്ധ സമിതിയോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് രണ്ട് മാസത്തിനകം മുദ്രവച്ച കവറില്‍ സമര്‍പ്പിക്കണം.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ ആരോപണങ്ങളെ കുറിച്ച് അന്വേഷണം നടത്തുന്നതായി സെബി നേരത്തെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതോടൊപ്പം മൂന്ന് കാര്യങ്ങള്‍ കൂടി പരിശോധിക്കാന്‍ സെബിക്കും കോടതി നിര്‍ദ്ദേശം നല്‍കി. അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ ഓഹരി അദാനി ഗ്രൂപ്പ് കൈവശം വച്ചിരുന്നോ? ഓഹരി വിലകളില്‍ കൃത്രിമം കാട്ടിയിട്ടുണ്ടോ? കക്ഷികളെ കുറിച്ചുള്ള വിവരങ്ങളും, അവരുമായുള്ള ഇടപാടുകളെ കുറിച്ചും അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ കൂടി പരിശോധിച്ച് രണ്ട് മാസത്തിനകം സെബി വിദഗ്ധ സമിതിക്ക് റിപ്പോര്‍ട്ട് നല്‍കണം. വിദഗ്ധ സമിതിയുടെ പ്രവർത്തനം സെബിയുടെ പ്രവര്‍ത്തനത്തെ ബാധിക്കരുതെന്നും നിർദ്ദേശമുണ്ട്. നേരത്തെ, കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ സമിതി അംഗങ്ങളുടെ പേരുകള്‍ നിര്‍ദ്ദേശിച്ചെങ്കിലും, സുതാര്യത വേണമെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി ശുപാര്‍ശ തള്ളുകയായിരുന്നു.

Top