ആശയപരമായ കാര്യങ്ങളില്‍ വ്യക്തമായി കാഴ്ചപ്പാടുുള്ള ആളാണ് വാജ്‌പേയ് ; വി.മുരളീധരന്‍

v-muralidharan

തിരുവനന്തപുരം : മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ വളരെ സൂക്ഷ്മതയോടെ കേള്‍ക്കുകയും അതിനോട് വളരെ ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു അടല്‍ ബിഹാരി വാജ്‌പേയിയുടേതെന്ന് വി.മുരളീധരന്‍ എം.പി.

വി.മുരളീധരന്റെ വാക്കുകള്‍. . .

ഇന്ത്യ റിപ്പബ്ലിക്കിന്റെ ആയതിന്റെ സുവര്‍ണജൂബിലി ആഘോഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 1999-2000ല്‍ ല്‍ വിപുലമായ കമ്മിറ്റി രൂപീകരിച്ചിരുന്നു. നെഹ്‌റു യുവ കേന്ദ്ര വൈസ് ചെയര്‍മാന്‍ എന്ന നിലയില്‍ ഡല്‍ഹിയിലായിരുന്നു അന്ന് എന്റെ പ്രവര്‍ത്തന കേന്ദ്രം. പ്രധാനമന്ത്രി ആയിരുന്ന വാജ്‌പേയി ആയിരുന്നു കമ്മിറ്റിയുടെ ചെയര്‍മാന്‍. കമ്മിറ്റിയുടെ ചീഫ് കോ- ഓര്‍ഡിനേറ്രര്‍ എന്ന ചുമതലയായിരുന്നു എനിക്ക് .

പ്രധാനമന്ത്രി എന്ന നിലയില്‍ വാജ്‌പേയിയുമായി കൂടുതല്‍ സമയം ഇടപെടാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും ഈ സമയത്ത് ഞങ്ങള്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധാപൂര്‍വം അദ്ദേഹം കേള്‍ക്കുമായിരുന്നു. തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ പ്രതികരണങ്ങളും തികച്ചും ഈ സംഭാഷണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. പൊതുജീവിതത്തിലും അനുഭവത്തിലും തന്നേക്കാള്‍ വളരെ ജൂണിയര്‍ ആയ ആളുകളുടെ പോലും അഭിപ്രായങ്ങള്‍ പരിഗണിക്കാന്‍ കഴിയുന്ന വിധത്തില്‍ വിശാലമനസ്‌കനായിരുന്നു അദ്ദേഹം. എല്ലാ പ്രശ്‌നങ്ങളെയും കൃത്യമായി മനസ്സിലാക്കാനും ദാര്‍ശനികപരമായ രീതിയില്‍ വിലയിരുത്താനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

ആളുകളോട് സംസാരിക്കുമ്പോള്‍ വളരെ മൃദുവായ സമീപനമായിരുന്നുങ്കിലും ആശയപരമായ കാര്യങ്ങളില്‍ വ്യക്തമായി കാഴ്ചപ്പാടും വിട്ടുവീഴ്ച കാണിക്കാത്ത ആളുമായിരുന്നു. പ്രത്യയ ശാസ്ത്രപരമായി ദൃഡത അദ്ദേഹത്തിനുണ്ടായിരുന്നു. ഒരു ലിബറല്‍ ആയി അദ്ദേഹം ചിത്രീകരിക്കപ്പെട്ടു എന്നുമാത്രം. ഇതിന് ഉദാഹരണം പറയാം. വി.പി.സിംഗ് പ്രധാനമന്ത്രി ആയിരുന്ന കാലം . ലാലുപ്രസാദ് യാദവ് ആണ് ബിഹാര്‍ മുഖ്യമന്ത്രി. സമസ്തിപൂരില്‍ അദ്വാനിജിയുടെ രഥയാത്ര തടഞ്ഞ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നു. വി.പി.സിംഗ് സര്‍ക്കാരിനുള്ള ബി.ജെ.പിയുടെ പിന്തുണ പിന്‍വലിക്കാന്‍ അദ്ദേഹത്തിന് ഒരു നിമിഷം പോലും ചിന്തിക്കേണ്ടിവന്നില്ല.

2004 ലെ പൊതുതിരഞ്ഞെടുപ്പില്‍ ബി.ജെ.പി കേന്ദ്ര ആസ്ഥാനത്ത് വെങ്കയ്യ നായിഡുവിനോടൊപ്പം തിരഞ്ഞെടുപ്പ് ഏകോപനത്തിന്റെ ചുമതലയുണ്ടായിരുന്ന സമയത്തും അടല്‍ജിയുമായി ഇടപെടാന്‍ അവസരമുണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗം രാഷ്ട്രത്തിന് തീരാത്ത ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും വി.മുരളീധരന്‍ അനുസ്മരിച്ചു.

Top