വരുമാനം വര്‍ധിപ്പിക്കാന്‍ ഉപയോക്താക്കളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചുവെന്ന് ഫേസ്ബുക്ക്

mark-zuckerberg

രസ്യവരുമാനം വര്‍ധിപ്പിക്കുന്നതിനായി ഉപയോക്താക്കളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചെന്ന് ഫേസ്ബുക്കിന്റെ കുറ്റസമ്മതം. ഫേസ്ബുക്ക് അക്കൗണ്ടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി നല്‍കിയ ഫോണ്‍ നമ്പറുകളാണ് പരസ്യം നല്‍കുന്നതിന് ഉപയോഗപ്പെടുത്തിയത്.

ഉപയോക്താവിന്റെ താത്പര്യങ്ങള്‍ മനസിലാക്കാന്‍ ഫോണ്‍ നമ്പറുകള്‍ സഹായിച്ചിട്ടുണ്ടെന്നും ഇതിനനുസരിച്ചുള്ള പരസ്യമാണ് നല്‍കി വന്നതെന്നും ഫേസ്ബുക്ക് വക്താവ് തന്നെയാണ് വെളിപ്പെടുത്തിയത്.

ഉപഭോക്താക്കള്‍ സ്വന്തം അക്കൗണ്ടുകളില്‍ ചേര്‍ക്കുന്ന വിവരങ്ങളെ എങ്ങനെ ഉപയോഗിക്കണമെന്ന് തികഞ്ഞ ബോധ്യം കമ്പനിക്കുണ്ടെന്നും അപ്‌ലോഡ് ചെയ്ത വിവരങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ഡിലീറ്റ് ചെയ്യാമെന്നുമാണ് ഫേസ്ബുക്ക് വക്താവ് പറഞ്ഞത്.

വ്യക്തികളുടെ ഫോണ്‍ നമ്പര്‍ ചോര്‍ത്തിയതിന് പുറമേ അവര്‍ക്കിഷ്ടപ്പെടാന്‍ സാധ്യതയുള്ള പരസ്യങ്ങള്‍ നല്‍കുന്നത് വഴി വരുമാനമുണ്ടാക്കാന്‍ ഫേസ്ബുക്ക് ശ്രമിച്ചതായി ടെക് കമ്പനിയായ ഗിസ്‌മൊഡോ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഫോണ്‍ നമ്പര്‍ നല്‍കാത്തവരുടെ കോണ്‍ടാക്ട് ഡീറ്റെയില്‍സ് നല്‍കിയവരുടെ ശേഖരത്തില്‍ നിന്നും ഫേസ്ബുക്ക് ചോര്‍ത്തിയിട്ടുണ്ടെന്നും ഗിസ്‌മൊഡോ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫേസ്ബുക്ക് ഫോണ്‍ നമ്പര്‍ ഉപയോഗിച്ചുവെന്ന കാര്യം സ്ഥിരീകരിച്ചത്.

Top