മസ്തിഷ്‌കജ്വരം: കുട്ടികളുടെ മരണം 139 ആയി; ബിഹാറില്‍ ഇന്നലെ മാത്രം മരിച്ചത് 3 കുട്ടികള്‍

മുസഫര്‍പുര്‍: ബിഹാറില്‍ മസ്തിഷ്‌കജ്വരം ബാധിച്ചുമരിച്ച കുട്ടികളുടെ എണ്ണം 139 ആയി. ശ്രീകൃഷ്ണ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍(എസ്.കെ.എം.സി.എച്ച്.) ശനിയാഴ്ച മൂന്നുകുട്ടികള്‍കൂടി മരിച്ചതായി ജില്ലാഭരണകൂടം അറിയിച്ചു. ഇതോടെ
ജൂണ്‍ ഒന്നിനുശേഷം ഈ ആശുപത്രിയില്‍മാത്രം 104 കുട്ടികളാണ് മരിച്ചത്.

ബിഹാറിലെ എസ്.കെ.എം.സി.എച്ചിലും കെജ്രിവാള്‍ ആശുപത്രിയിലുമായി മസ്തിഷ്‌കജ്വരം ബാധിച്ച് നൂറുകണക്കിനുകുട്ടികളാണ് ചികിത്സയിലുള്ളത്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്നു ക്രമാതീതമായി കുറഞ്ഞുപോകുന്ന ഹൈപ്പോഗ്ലൈസീമിയ എന്ന അവസ്ഥയാണ് മസ്തിഷ്‌കജ്വരത്തിന്റെ കാരണമായി പറയുന്നത്. പോഷകാഹാരക്കുറവുള്ള കുട്ടികള്‍ മൂപ്പെത്താത്ത ലിച്ചിപ്പഴം കഴിക്കുന്നതാണ് ഇതിനുകാരണമെന്ന് ആരോഗ്യമേഖലയിലെ ചിലര്‍ പറയുന്നു. ഇതേക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്.

അതിനിടെ, ആശുപത്രിക്കെട്ടിടത്തിനു സമീപത്തുള്ള കാട്ടില്‍ ശനിയാഴ്ച മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത് ദുരൂഹത പരത്തി. അജ്ഞാതമൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ആശുപത്രിക്കുസമീപമുള്ള കാട്ടില്‍ ഉപേക്ഷിക്കുന്നുണ്ടെന്നും ഇതിന്റെ അവശിഷ്ടങ്ങളായിരിക്കുമിതെന്നുമാണ് ആശുപത്രി മേധാവി ജനക് പാസ്വാന്റെ വിശദീകരണം.

രണ്ടുമൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയിലുള്ള ശരീരാവശിഷ്ടങ്ങളുമാണ് കണ്ടെത്തിയത്. ചാക്കില്‍ക്കെട്ടിയ നിലയിലും ചിതറിക്കിടക്കുന്നനിലയിലുമാണ് അവശിഷ്ടങ്ങള്‍. ആശുപത്രി അധികൃതരും പോലീസ് ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ച് അന്വേഷണം ആരംഭിച്ചു.

Top