സിബിഐ ഓഫിസര്‍ ചമഞ്ഞ് കൈക്കൂലി; നടി ലീനാ മരിയ പോളിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്

കൊച്ചി: സിബിഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞു ഹൈദരാബാദിലെ വ്യവസായിയുടെ പക്കല്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി ലീന മരിയ പോളിനായി തിരച്ചില്‍ നോട്ടിസ്. ലീന മരിയ പോള്‍ അന്വേഷണ സംഘത്തെ വെട്ടിച്ചു കടന്നതായാണ് വിവരം. ഹൈദരാബാദിലെ വ്യവസായി സാംബശിവ റാവുവില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ടു ലീനയുടെ കൊച്ചിയിലെ ബ്യൂട്ടി സലൂണിലും ചെന്നൈയിലെ വീട്ടിലും സിബിഐ നോട്ടിസ് പതിച്ചിരുന്നു.

ചോദ്യം ചെയ്യലിനു ഹാജരാകാത്തതിനെ തുടര്‍ന്നാണ് ലീനയ്‌ക്കെതിരെ സിബിഐ തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചത്. രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലും ലീനയുടെ ചിത്രങ്ങള്‍ സഹിതം ജാഗ്രതാ നിര്‍ദേശം നല്‍കി.

സിബിഐ കേസില്‍ പ്രതിയായ സാംബശിവ റാവുവിനെ സംരക്ഷിക്കാമെന്നു വാഗ്ദാനം ചെയ്താണു ലീനയും കൂട്ടാളികളും വന്‍തുക കൈക്കൂലി ആവശ്യപ്പെട്ടത്. ലീനയുടെ ജീവനക്കാരന്‍ ആര്‍ച്ചിതിന്റെ സഹായത്തോടെയാണു തട്ടിപ്പ് ആസൂത്രണം ചെയ്തത്. സിബിഐ ന്യൂഡല്‍ഹി ആസ്ഥാനത്തെ ലാന്‍ഡ് ഫോണ്‍ നമ്പറും ഇവര്‍ തട്ടിപ്പിനു ദുരുപയോഗിച്ചു.

ഫോണ്‍ ലൈനില്‍ നുഴഞ്ഞു കയറി ഈ നമ്പര്‍ ഉപയോഗിച്ചു സാംബശിവ റാവുവിനെ വിളിച്ചാണ് ഇവര്‍ തട്ടിപ്പിനു വിശ്വാസ്യത വരുത്തിയത്. സംഭവത്തില്‍ ഹൈദരാബാദ് സ്വദേശി മണിവര്‍ണ റെഡ്ഡി, മധുര സ്വദേശി സെല്‍വം രാമരാജ് എന്നിവരുടെ സഹായവും പ്രതിള്‍ക്കു ലഭിച്ചു. ഇവരെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തപ്പോഴാണു സംഭവം ആസൂത്രണം ചെയ്തതു ലീനയാണെന്നു സിബിഐക്കു ബോധ്യപ്പെട്ടത്.

സംഭവത്തിന് ശേഷം അന്നു കൊച്ചിയിലുണ്ടായിരുന്ന ലീന ഒളിവില്‍പോയി. അതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ടു നോട്ടിസ് നല്‍കിയത്.

Top