ദിലീപിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍; തുടരന്വേഷണ റിപ്പോര്‍ട്ട് വെള്ളിയാഴ്ച

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് വെള്ളിയാഴ്ച സമര്‍പ്പിക്കും. ദിലീപിന്റെ സുഹൃത്ത് ശരത്തിനെക്കൂടി പ്രതിചേര്‍ത്തുള്ള അധിക കുറ്റപത്രമാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കുക. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. കേസില്‍ നടന്‍ ദിലീപിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തും. കേസിലെ തെളിവുകള്‍ മറച്ചുവച്ചതിനും നശിപ്പിച്ചതിനുമുള്ള വകുപ്പുകളാണ് നടനെതിരെ ചുമത്തുക.

കേസിലെ പ്രധാന തൊണ്ടിമുതലായ മെമ്മറി കാര്‍ഡ് മൂന്നു കോടതികളില്‍ അനധികൃതമായി തുറന്നതായുള്ള ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ അന്വേഷണ സംഘം മൂന്നാഴ്ച കൂടി സമയം തേടിയിരുന്നു. ആവശ്യം ഹൈക്കോടതി നിരസിച്ചതോടെ അന്തിമ റിപ്പോര്‍ട്ട് തയാറാണെന്ന് അന്വേഷണ സംഘം അറിയിച്ചത്. ഇത് സമര്‍പ്പിക്കാനുള്ള സമയ പരിധി കഴിഞ്ഞ വെള്ളിയാഴ്ച അവസാനിച്ചിരുന്നതാണ്. തുടര്‍ന്ന്, വരുന്ന വെള്ളിയാഴ്ച വരെ സമയം നീട്ടി നല്‍കുകയായിരുന്നു.

Top