അമ്മ കുഞ്ഞിനെ ശിക്ഷിക്കുന്നതും കള്ളന്മാരെ ശിക്ഷിക്കുന്നതും ഒരുപോലെയാണോ? സായി പല്ലവിക്കെതിരെ വിജയശാന്തി

ടി സായി പല്ലവി നടത്തിയ പ്രസ്താവനയ്ക്കെതിരെ മുതിർന്ന നടിയും മുൻ എം.പിയും ബിജെപി നേതാവുമായ വിജയശാന്തി രം​ഗത്ത് വന്നു. ഒരു അമ്മ തന്റെ കുഞ്ഞിനെ ശിക്ഷിക്കുന്നതും കള്ളന്മാരെ ശിക്ഷിക്കുന്നതും ഒരുപോലെയാണോ എന്ന് അവർ ചോദിച്ചു. കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേര് പറഞ്ഞ് നാട്ടിൽ നടത്തുന്ന ആൾക്കൂട്ട കൊലപാതകവും തമ്മിൽ വ്യത്യാസമില്ലെന്ന് കഴിഞ്ഞ ദിവസം സായി പല്ലവി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് വിജയശാന്തി രം​ഗത്ത് വന്നത്.

സായ് പല്ലവി നടത്തിയ പരാമർശം വിവാദമായിരുന്നു. കാശ്മീരി വംശഹത്യയും വിശുദ്ധ പശുക്കളെ കൊല്ലുന്നവരെ ശിക്ഷിക്കുന്നതും തമ്മിൽ താരതമ്യപ്പെടുത്താൻ സാധിക്കില്ല. അറിയാത്ത വിഷയങ്ങളിൽ നിന്ന് മാറിനിൽക്കണം എന്നും സായ് പല്ലവിയോട് വിജയശാന്തി പറയുന്നു.

സായിപല്ലവിക്കെതിരെ ട്വിറ്ററിലൂടെയാണ് വിജയശാന്തി രം​ഗത്തെത്തിയത്. “പുണ്യത്തിനുവേണ്ടി ദൈവികമായ പശുക്കളെ രക്ഷിക്കാൻ ഗോസംരക്ഷകർ നടത്തുന്ന പോരാട്ടം എങ്ങനെയായിരിക്കുമെന്ന് ചിന്തിച്ചാൽ മനസ്സിലാകും. തെറ്റ് ചെയ്ത കുട്ടിയെ അമ്മ എങ്ങനെയാണ് ശിക്ഷിക്കുക? കൊള്ളക്കാരനെയും അമ്മയെയും ഒരുപോലെയാണോ നിങ്ങൾ കാണുന്നത്?” വിജയശാന്തി ട്വീറ്റ് ചെയ്തു.

കശ്മീർ ഫയൽസ് എന്ന ചിത്രത്തിൽ കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്തത് കാണിച്ചിട്ടുണ്ട്. പശുവിന്റെ പേരിൽ ഒരു ഒരു മുസ്ലിമിനെ ചിലർ കൊലപ്പെടുത്തിയതും ഈ അടുത്ത് സംഭവിച്ചു. ഇതുരണ്ടും തമ്മിൽ യാതൊരു വ്യത്യാസവുമില്ല എന്നാണ് ഒരു അഭിമുഖത്തിൽ സായി പല്ലവി പറഞ്ഞത്.

Top