ഇറാനിലെ പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി നടി തരാനെ അലിദോസ്തി; ഹിജാബ് ധരിക്കാതെ പോസ്റ്ററുമായി സമൂഹമാധ്യമത്തിൽ

രാജ്യത്ത് നടക്കുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി പ്രശസ്ത ഇറാനിയൻ നടി തരാനെ അലിദോസ്തി. മുഖാവരണം ഇല്ലാത്ത ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചാണ് നടിയുടെ ഐക്യദാർഢ്യം. 2016 ലെ മികച്ച വിദേശ സിനിമയ്ക്കുള്ള ഓസ്കർ നേടിയ സെയിൽസ് മാനിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ച നടിയാണ് തരാനെ.

“സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം” എന്ന എഴുതിയ ബോ‍ർഡും നടിയുടെ കയ്യിലുണ്ടായിരുന്നു. സർക്കാർ വിരുദ്ധ പ്രക്ഷോഭകരുടെ പ്രധാന മുദ്രാവാക്യങ്ങളിലൊന്നാണിത്. പ്രക്ഷോഭത്തിൽ മരിച്ചവരുടെ കുടുംബത്തിന് പിന്തുണ നൽകാനായി തരാനെ അഭിനയം താത്കാലികമായി നിർത്തിയിരുന്നു. എന്ത് വില കൊടുത്തും ഇറാനിൽ തന്നെ തുടരുമെന്നാണ് നടിയുടെ പ്രഖ്യാപനം. സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ ഇതുവരെ 328 പേർ കൊല്ലപ്പെടുകയും 14,800 പേരെ കസ്റ്റഡിയിലെടുത്തെന്നുമാണ് പ്രാദേശിക മനുഷ്യാവകാശ പ്രവർത്തകർ നൽകുന്ന കണക്ക്.

ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് മതപൊലീസ് ക്രൂരമായി മര്‍ദ്ദിച്ച് കൊന്ന 22 വയസുകാരി മെഹ്സ അമിനിയുടെ മരണത്തിന് പിന്നാലെ ഇറാനില്‍ ഉയര്‍ന്ന ആഭ്യന്തര പ്രതിഷേധങ്ങൾ, ഇപ്പോൾ ഇറാൻ ഗവണ്മെന്റിന് നിയന്ത്രിക്കാനാവാത്ത തലത്തിലേക്ക് വളർന്നുകൊണ്ടിരിക്കുകയാണ്. ഭരണകൂടത്തിന്റെ നിലനില്പിനെ വരെ ചോദ്യം ചെയ്യുന്ന തരത്തിൽ വളർന്നു കഴിഞ്ഞ ഈ സമരങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇറാൻ സൗദിയെയും ഇർബിലിനെയും ആക്രമിക്കാൻ ഒരുങ്ങുന്നതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഒരു യുദ്ധമുണ്ടായാൽ മേഖലയിലെ തങ്ങളുടെ താത്പര്യങ്ങളെ സംരക്ഷിക്കാൻ മടിക്കില്ല എന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രതിനിധി നെഡ് പ്രൈസും പ്രതികരിച്ചു

Top