നടി ശ്രീദേവിയുടേത് കൊലപാതകമോ ? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സിങ്കം !

തിരുവനന്തപുരം: ബോളിവുഡ് നടി ശ്രീദേവിയുടെ മരണം അപകടമരണമല്ലെന്നും കൊലപാതകമാണെന്നും തരത്തിലുള്ള വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. താമസിച്ചിരുന്ന ആഡംബര ഹോട്ടലിലെ ബാത്ത് ടബില്‍ മുങ്ങിമരിച്ച നിലയിലാണ് ശ്രീദേവിയെ കണ്ടെത്തുന്നത്. എമിറേറ്റ്‌സ് ടവര്‍ ഹോട്ടലിലായിരുന്നു ആയിരക്കണക്കിന് ആരാധകരെ ഞെട്ടിപ്പിച്ച മരണം നടന്നത്. അന്നു മുതല്‍ ശ്രീദേവിയുടെ മരണത്തില്‍ അടിമുടി ദുരൂഹതകളാണ് ഉയര്‍ന്നിരുന്നതും.

ഇപ്പോഴിതാ അന്തരിച്ച ഫോറന്‍സിക് വിദഗ്ദ്ധനുമായ ഡോ. ഉമാദത്തന്റെ നീരീക്ഷണവുമായി ബന്ധപ്പെട്ട് ചിലവെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ്. ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ്. ഉമാകാന്തന്‍ മരിക്കും മുമ്പ് തന്നോടു പറഞ്ഞ കാര്യങ്ങളാണ് കേരളകൗമുദി ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ഋഷിരാജ് സിങ് വ്യക്തമാക്കുന്നത്.

ശ്രീദേവിയുടെ മരണത്തെക്കുറിച്ച് ആകാംക്ഷമൂലം താന്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍, അതൊരു അപകടമരണമല്ല മറിച്ച്, കൊലപാതകമാവാനാണ് സാധ്യതയെന്ന് ഡോ. ഉമാദത്തന്‍ തന്നോട് പറഞ്ഞിരുന്നുവെന്ന് അദ്ദേഹം പറയുന്നു. അതിന് കാരണമായി ഉമാദത്തന്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങളും ഋഷിരാജ് സിങ് ലേഖനത്തിലൂടെ വ്യക്തമാക്കുന്നുണ്ട്.

ലേഖനത്തില്‍ നിന്ന്-‘

പൊലീസില്‍ വൈദ്യശാസ്ത്രവിദഗ്ദ്ധന്റെ റോള്‍ എന്താണെന്ന് കേരള പൊലീസ് മനസിലാക്കിയത് ഡോ.ഉമാദത്തന്‍ 1987 ല്‍ വൈദ്യശാസ്ത്രനിയമ വിദഗ്ധനായി നിയമിതനായപ്പോഴാണ്. എസ്.പി, ക്രൈം ഐ.ജി, എ.എസ്.പി നെടുമങ്ങാട് തുടങ്ങിയ തസ്തികകളില്‍ ഞാന്‍ ജോലി ചെയ്യുമ്പോള്‍ ഡോ. ബി. ഉമാദത്തന്റെ ഒപ്പം പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായി. എറണാകുളം പൊലീസ് കമ്മിഷണറായിരിക്കുമ്പോഴും തിരുവനന്തപുരം ഡെപ്യൂട്ടി പൊലീസ് കമ്മിഷണറായി ജോലി ചെയ്യുമ്പോഴും കോളിളക്കം സൃഷ്ടിച്ച പല കേസുകളും തെളിയിക്കാന്‍ അദ്ദേഹത്തിന്റെ സഹായം ലഭിച്ചിരുന്നു.ഒരു കേസിനെക്കുറിച്ച് പറയുമ്പോള്‍ വളരെയേറെ ആകാംക്ഷയോടെ അദ്ദേഹമത് കേള്‍ക്കുമായിരുന്നു. ഓരോ കേസിനെക്കുറിച്ചുള്ള ചര്‍ച്ചകളെയും കേസന്വേഷണത്തില്‍ പുതിയ രീതി കണ്ടെത്താനുള്ള അവസരമായി അദ്ദേഹം കണ്ടു. സൗമ്യസംഭാഷണത്തിനുടമയായ അദ്ദേഹം, ഒരു കേസിനെക്കുറിച്ച് സംസാരിക്കാനുണ്ട് ഒന്നു വരാമോ എന്ന് ചോദിച്ചാല്‍ എത്ര ദൂരെയായിരുന്നാലും അപ്പോള്‍ത്തന്നെ ട്രെയിന്‍ കയറി വരുമായിരുന്നു. അദ്ദേഹത്തിന്റെ വൈദഗ്ധ്യം കൊണ്ട് തെളിയിച്ച ഒന്നുരണ്ട് കേസുകളെകുറിച്ച് ഞാനെഴുതട്ടെ;
ഞാന്‍ എറണാകുളം കമ്മിഷണറായിരുന്നപ്പോള്‍ ഒരു ദിവസം രാത്രി എട്ട് മണിക്ക് എറണാകുളത്തുള്ള ഒരു സ്വര്‍ണക്കടയില്‍ ഉടമയെയും മറ്റും ബോധംകെടുത്തി സ്വര്‍ണവും പണവുമെടുത്ത് ചിലര്‍ കടന്നുകളഞ്ഞെന്ന പരാതി ലഭിച്ചു. ഞാന്‍ ഉടന്‍ അവിടെയെത്തുകയും പരിശോധന നടത്തുകയും ചെയ്തു. ബോധം കെടുത്തി സ്വര്‍ണവും പണവും തട്ടിക്കൊണ്ടുപോവാനുള്ള സാഹചര്യം പ്രഥമദൃഷ്ട്യാ കണ്ടില്ലെങ്കിലും ഇത്തരമൊരു കുറ്റകൃത്യം നടന്നിട്ടില്ലെന്ന് തീര്‍ത്തു പറയാനാവില്ല. ഞാന്‍ ഉടനെ ഡോ.ഉമാദത്തനെ വിളിക്കുകയും അദ്ദേഹത്തോട് കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. ഫോണിലൂടെ ഡോ. ഉമാദത്തന്‍ തന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ബോധം കെടുത്തിയതിന്റെ യാതൊരു തെളിവും അവിടെയില്ലെന്ന് മനസിലാക്കാന്‍ സാധിച്ചു. ക്ലോറോഫോം പോലെ ബോധം പോവാനുള്ള യാതൊരു വസ്തുവും ഉപയോഗിച്ചതിന്റെ തെളിവും അവിടെനിന്നും ലഭിച്ചില്ല. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ ഇന്‍ഷ്വറന്‍സ് ക്ലെയിം ലഭിക്കാനായി ജ്വല്ലറി ഉടമ മെനഞ്ഞെടുത്ത ഒരു തട്ടിപ്പായിരുന്നു അതെന്ന് മനസിലാക്കി. തുടര്‍ന്ന് അവരെ അറസ്റ്റ് ചെയ്തു. ഡോ.ഉമാദത്തന്റെ വൈദഗ്ധ്യത്താല്‍ നിമിഷനേരം കൊണ്ട് ഒരു കേസ് തെളിയിക്കപ്പെട്ടു.

നെടുമങ്ങാട് എ.എസ്.പിയായി ജോലി ചെയ്തിരുന്ന സന്ദര്‍ഭത്തില്‍ വിതുരയ്ക്കടുത്തുള്ള കല്ലാര്‍പുഴയില്‍ ഒരാള്‍ മരിച്ചുകിടക്കുന്നതായും അതൊരു കൊലപാതകമാണെന്നും ആക്ഷന്‍ കമ്മിറ്റി പരാതിപ്പെട്ടു. നീന്താന്‍പോയ ആളെ ആരോ കൊന്നിട്ടതാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. ആളുകളുടെ ബഹളത്തിനിടയിലൂടെ സംഭവസ്ഥലത്തെത്തിയ ഞാന്‍ ഡോ. ഉമാദത്തനെ വിളിക്കുകയും അദ്ദേഹം സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. പ്രഥമദൃഷ്ട്യാ മുങ്ങിമരണത്തിന്റെയോ കൊലപാതകത്തിന്റെയോ ലക്ഷണങ്ങള്‍ കണ്ടെത്താനായില്ല. പുഴയും പരിസരവും പരിശോധിച്ച അദ്ദേഹം, മൃതദേഹം കണ്ട സ്ഥലം പരിശോധിച്ച അദ്ദേഹം ആ ഭാഗത്ത് നദിയില്‍ ധാരാളം പായല്‍ച്ചെടികള്‍ വളര്‍ന്നു നില്ക്കുന്നതായി കണ്ടെത്തി. പായല്‍ നിന്ന സ്ഥലത്ത് ഒരു പാറ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. നീന്താന്‍ നദിയിലേക്ക് ഊളിയിട്ട സമയത്ത് ഒരു കാല്‍ പായലില്‍ ഉടക്കുകയും തല പാറയില്‍ ചെന്നിടിക്കുകയും ചെയ്തു. തല പാറയിലിടിച്ച് ബോധം നഷ്ടപ്പെട്ട് അയാള്‍ മുങ്ങിമരിച്ചതാണെന്ന് മനസിലാക്കി. കേവലം അരമണിക്കൂറു കൊണ്ടാണ് കൊലപാതകമെന്ന് തെറ്റിദ്ധരിക്കുമായിരുന്ന കേസിന് അദ്ദേഹം തുമ്പുണ്ടാക്കിയത്.

രാത്രി മൂന്നുമണിക്ക് വിളിച്ചുണര്‍ത്തി സംസാരിച്ചാല്‍പ്പോലും അദ്ദേഹത്തിനത് അരോചകമായി തോന്നിയിരുന്നില്ല. ഒരു കാര്യം അദ്ദേഹത്തെ ഏല്‍പ്പിച്ചാല്‍ ‘നോക്കാം ‘എന്ന ഉറപ്പില്ലാത്ത വാക്ക് അദ്ദേഹം ഉപയോഗിച്ചിരുന്നില്ല. തീര്‍ച്ചയായും ചെയ്യും എന്നദ്ദേഹം പ്രവൃത്തിയിലൂടെ കാണിച്ചുതന്നു. അതായിരുന്നു ഡോ. ബി. ഉമാദത്തന്‍.
പ്രസിദ്ധ സിനിമാനടി ശ്രീദേവിയുടെ മരണത്തെക്കുറിച്ച് ആകാംക്ഷമൂലം ഞാന്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അതൊരു അപകടമരണമല്ല മറിച്ച്, കൊലപാതകമരണമാവാനാണ് സാദ്ധ്യത എന്നദ്ദേഹം പറഞ്ഞു. ഒരാള്‍ എത്ര മദ്യപിച്ചാലും ഒരടി വെള്ളത്തില്‍ മുങ്ങിമരിക്കാനുള്ള സാദ്ധ്യതയില്ല. ആരെങ്കിലും കാലുയര്‍ത്തിപ്പിടിച്ച് തല വെള്ളത്തില്‍ മുക്കിയാല്‍ മാത്രമേ മുങ്ങിമരിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ക്രൈം കേരളം, പൊലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍, കുറ്റാന്വേഷണത്തിലെ വൈദ്യശാസ്ത്രം മുതലായ പുസ്തകങ്ങള്‍ അദ്ദേഹമെഴുതിയതാണ്.

അദ്ദേഹമെഴുതിയ പുസ്തകത്തില്‍ ഞങ്ങളുടെ പേരും പരാമര്‍ശിച്ചിരുന്നു. ഏതൊരവസരത്തിലും ജോലി ചെയ്യാനുള്ള മനസും സൗമ്യമായ സംസാരവും മനസില്‍ മായാതെ നില്ക്കുന്നു. അദ്ദേഹം എന്നന്നേക്കുമായി വിട്ടുപിരിഞ്ഞെങ്കിലും അദ്ദേഹത്തെക്കുറിച്ചുള്ള ജ്വലിക്കുന്ന ഓര്‍മ്മകള്‍ എന്നെന്നും മനസില്‍ മായാതെ നില്ക്കും’.

Top