നടിയെ ആക്രമിച്ച കേസ്; സുനില്‍കുമാറിന് വേണ്ടി മുന്‍പ് ഹാജരായ അഭിഭാഷകരെ കുറ്റവിമുക്തരാക്കി

HIGH-COURT

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ രണ്ട് പേരെ കുറ്റവിമുക്തരാക്കി. പ്രതി സുനില്‍കുമാറിന് വേണ്ടി മുന്‍പ് ഹാജരായ അഭിഭാഷകരായ പ്രതീഷ് ചാക്കോയെയും രാജു ജോസഫിനെയുമാണ് ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. കേസിലെ ഇരുവരുടെയും പങ്കാളിത്തം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇവരെ കുറ്റവിമുക്തരാക്കിയത്. കേസില്‍ തെളിവ് നശിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരെയും പൊലീസ് പ്രതി ചേര്‍ത്തത്.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പിനായി ദിലീപ് സമര്‍പ്പിച്ച ഹര്‍ജി വിശദമായ വാദത്തിനായി മാറ്റിയിരുന്നു. മെമ്മറികാര്‍ഡ് ദിലീപിന് നല്‍കണമോ എന്നത് സുപ്രീം കോടതി പരിശോധിക്കും. ഐടി തെളിവ് നിയമ പ്രകാരം അവകാശമുണ്ടോ എന്നും, മെമ്മറി കാര്‍ഡ് ഏത് തരത്തിലുള്ള തെളിവാണെന്നുമാണ് കോടതി പരിശോധിക്കുന്നത്. കേസ് വാദത്തിനായി ഈ മാസം 11ലേക്കാണ് മാറ്റിയിരിക്കുന്നത്.

പ്രത്യേക കാരണങ്ങള്‍കൊണ്ടാണ് മെമ്മറി കാര്‍ഡ് നല്‍കാത്തതെന്നും മെമ്മറി കാര്‍ഡ് ഒരു രേഖയല്ല, അതൊരു മെറ്റീരിയല്‍ ആണെന്നും കോടതി പറയുകയുണ്ടായി. മെമ്മറി കാര്‍ഡ് പൊലീസ് റിപ്പോര്‍ട്ടിന്റെ ഭാഗമാണോ എന്നും കോടതി ചോദിച്ചു.

തനിക്ക് വേണ്ടത് മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളാണെന്നും അത് കിട്ടിയാല്‍ കേസ് വ്യാജമാണന്ന് തെളിയിക്കാനാകുമെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞിരുന്നു.

മെമ്മറി കാര്‍ഡുള്‍പ്പടെയുള്ള കേസിലെ തെളിവുകള്‍ ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്ന് ചൂണ്ടികാട്ടിയാണ് ദിലീപ് ഹര്‍ജി സമര്‍പ്പിച്ചത്. ജസ്റ്റിസ്മാരായ എ എം ഖാന്‍വില്‍ക്കര്‍, ഹേമന്ത് ഗുപ്ത എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ദിലീപിന് വേണ്ടി മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയുടെ ജൂനിയര്‍ രഞ്ജീത റോത്തഗി ആണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

ദൃശ്യങ്ങളുടെ പകര്‍പ്പിനായി ദിലീപ് വിചാരണ കോടതിയിലും ഹൈക്കോടതിയിലും ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നെങ്കിലും ഇരയുടെ സ്വകാര്യ ജീവതത്തെ മാനിച്ച് പകര്‍പ്പ് നല്‍കരുതെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിക്കുകയായിരുന്നു ഇരു കോടതികളും.

നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായി കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങളില്‍ എഡിറ്റിങ് നടന്നിട്ടുണ്ട് എന്നാണ് ദിലീപിന്റെ അഭിഭാഷകര്‍ വിചാരണ കോടതിയിലും ഹൈക്കോടതിയിലും വാദിച്ചത്.

Top