നടി റെയ്‌സ വിൽസണെതിരെ ഡെർമറ്റോളജിസ്റ്റ് ഡോ. ഭൈരവി സെന്തിൽ രംഗത്ത്

ചെന്നൈ: ഫേഷ്യൽ ട്രീറ്റ്‌മെന്റിൽ പിഴവ് സംഭവിച്ചുവെന്ന ആരോപണവുമായി എത്തിയ നടി റെയ്‌സ വിൽസണെതിരെ ക്ലിനിക്ക് ഉടമയായ ഡോക്ടർ രംഗത്ത്. ഡോ. ഭൈരവി സെന്തിലാണ് റെയ്‌സയുടെ ആരോപണങ്ങൾക്കെതിരെ എത്തിയിരിക്കുന്നത്. ക്ലിനിക്കിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതികരണം. റെയ്‌സയുടെ വാദങ്ങൾ വാസ്തവ വിരുദ്ധമെന്ന് ഡോക്ടർ പറഞ്ഞു.

റെയ്‌സ ഈ ചികിത്സയ്ക്ക് വിധേയയാവുന്നത് ഇതാദ്യമായല്ലെന്ന് ഡോക്ടർ പറയുന്നു. ഒരാളുടെ സമ്മതം കൂടാതെ യാതൊരു ചികിത്സയ്ക്കും വിധേയയാക്കാൻ സാധിക്കില്ല. മുഖത്ത് കാണുന്ന ആ പാടുകളും തടിപ്പും ഗൗരവകരമല്ല. നടിയുടെ പരാമർശം തനിക്കും ക്ലിനിക്കിനും മാനനഷ്ടം ഉണ്ടാക്കിയെന്നും നിയമ നടപടി സ്വീകരിക്കുമെന്നും ഡോക്ടർ വ്യക്തമാക്കി.

ത്വക്ക് ചികിത്സയ്‌ക്കെത്തിയ ക്ലിനിക്കിന്റേയും ഡോക്ടറുടെയും പേര് കൂടി പങ്കുവച്ചായിരുന്നു റെയ്‌സ വിൽസൺ ആരോപണവുമായി എത്തിയത്. പരാതിയുമായെത്തിയ തന്നെ ഡെർമറ്റോളജിസ്റ്റ് ഒഴിവാക്കുകയാണെന്നും, തന്നെ കാണാനോ സംസാരിക്കാനോ അവർ വിസമ്മതിക്കുകയാണെന്നും, ഡോക്ടർ സ്ഥലത്തില്ലെന്നാണ് സ്റ്റാഫുകൾ പറയുന്നതെന്നും റെയ്‌സ കുറിച്ചിരുന്നു. സംഭവം വിവാദമായതോടെയാണ് പ്രതികരണവുമായി ഡോക്ടർ എത്തിയത്.

Top