ഇന്ത്യ ഗുരുതരാവസ്ഥയിലാണ്’; യുഎസിനോട് വാക്സിന്‍ ചോദിച്ച് നടി പ്രിയങ്ക ചോപ്ര

ന്യൂഡല്‍ഹി: കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ യുഎസിനോട് സഹായം ആവശ്യപ്പെട്ട് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. തന്റെ രാജ്യം അതിഗുരുതരമായ സാഹചര്യത്തിലൂടെയാണ് മുമ്പോട്ടു പോകുന്നത് എന്നും യുഎസ് വാങ്ങിയ വാക്സിനുകള്‍ ഇന്ത്യയുമായി പങ്കുവയ്ക്കാമോ എന്നുമാണ് പ്രിയങ്ക ചോദിച്ചത്.

യുഎസ് പ്രസിഡണ്ട് ജോ ബൈഡന്‍ അടക്കമുള്ളവരെ മെന്‍ഷന്‍ ചെയ്താണ് നടിയുടെ ട്വീറ്റ്. ആവശ്യമുള്ളതിനേക്കാള്‍ 550 ദശലക്ഷം കൂടുതല്‍ വാക്സിനുകള്‍ യുഎസ് ഓര്‍ഡര്‍ ചെയ്തതായും പ്രിയങ്ക ചൂണ്ടിക്കാട്ടി. അതു പങ്കുവയ്ക്കാമോ എന്നാണ് അവര്‍ ചോദിച്ചത്. ‘എന്റെ ഹൃദയം പിളരുന്നു.

ഇന്ത്യ കോവിഡിന്റെ യാതന അനുഭവിച്ചു കൊണ്ടിരിക്കുന്നു. യുഎസ് ആവശ്യമുള്ളതിനേക്കാള്‍ 550 ദശലക്ഷം അധിക വാക്സിന്‍ ഓര്‍ഡര്‍ ചെയ്യുകയും ചെയ്യുന്നു. ആസ്ട്രസെനക്ക ലോകത്തുടനീളം നല്‍കിയതിന് നന്ദി. എന്നാല്‍ എന്റെ രാജ്യത്തെ സ്ഥിതി അതിഗുരുതരമാണ്. നിങ്ങള്‍ അടിയന്തരമായി ഇന്ത്യയുമായി കുറച്ച് വാക്സിന്‍ പങ്കുവയ്ക്കാമോ?’ – എന്നാണ് നടിയുടെ ട്വീറ്റ്.

നിരവധി ആരാധകര്‍ അവരുടെ ട്വീറ്റിനെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തി. നിങ്ങളില്‍ അഭിമാനമുണ്ട് എന്ന് ഒരാള്‍ ട്വീറ്റ് ചെയ്തപ്പോള്‍ ഒടുവില്‍ നിങ്ങള്‍ സംസാരിക്കുന്നു, പിന്തുണയ്ക്ക് നന്ദി എന്നാണ് മറ്റൊരാള്‍ ട്വീറ്റ് ചെയ്തത്.

 

 

Top